നെടുങ്കണ്ടം: ഹൈറേഞ്ച് സംരക്ഷണ സമിതി ഉയർത്തുന്ന വിഷയങ്ങൾ സത്യസന്ധവും ഗൗരവമേറിയതുമാണെന്നും സമിതി നടത്തുന്ന കാർഷിക സമരങ്ങൾ പ്രസക്തമാണെന്നും ഡി.സി.സി ജനറൽ സെക്രട്ടറി സേനാപതി വേണു. ഭൂപതിവ് ചട്ട ഭേദഗതിയും വന്യജീവി സംരക്ഷണമടക്കം മറ്റ് കാർഷിക വിഷയങ്ങളും ഉന്നയിച്ച് നെടുങ്കണ്ടത്ത് സമിതി നടത്തിയ കർഷക ഉപവാസത്തിന് ഡി.സി.സി പ്രതിനിധിയായി വന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. വ്യത്യസ്ത രാഷ്ട്രീയ നേതൃത്വങ്ങളെ ഒരുമിച്ചിരുത്തി പൊതുവിഷയങ്ങളിൽ ഏകാഭിപ്രായം രൂപപ്പെടുത്താൻ സമിതിക്ക് കഴിയും. കർഷക പോരാട്ടങ്ങളിൽ രാഷ്ട്രീയ, സാമുദായിക വേർതിരിവില്ലാതെ കർഷക പക്ഷം നിലകൊള്ളാൻ സമിതിയെ പോലെ കർഷക സംഘടനകൾ നാടിന് ആവശ്യമാണ്.

സമിതി ഉയർത്തുന്ന വിഷയങ്ങൾക്ക് പരിഹാരം തേടി കോൺഗ്രസും യു.ഡി.എഫും സമര രംഗത്ത് വരാൻ തീരുമാനിച്ചതായും ഈ മാസം തന്നെ സമര പരിപാടികൾക്ക് രൂപം കൊടുക്കുമെന്നും സേനാപതി വേണു പറഞ്ഞു.