faisal
മുഹമ്മദ് ഫൈസലിനെ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ആദരിക്കുന്നു

തൊടുപുഴ: മാസ്റ്റർ പ്ലാനിനെ സംബന്ധിച്ചുള്ള മർച്ചന്റ്‌സ് അസോസിയേഷന്റെ ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ. തൊടുപുഴയിൽ രണ്ടാം തവണയും പാർട്ടി ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ആദരിച്ചു. തൊടുപുഴയിലെ വ്യാപാരികളുമായി വളരെ നല്ല രീതിയിലുള്ള അടുപ്പം സൂക്ഷിക്കുകയും വ്യാപാരികളുടെ പ്രശ്‌നങ്ങളിൽ അനുഭാവം പൂർവ്വം ഇടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് മുഹമ്മദ് ഫൈസലെന്ന് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു. അങ്ങനെയുള്ള ഒരാൾ രണ്ടാമതും ഏരിയാ സെക്രട്ടറി പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ അതിയായ സന്തോഷം രേഖപ്പെടുത്തി. തൊടുപുഴയിലെ വ്യാപാരികളുമായി എല്ലാ കാര്യത്തിലും സഹകരിച്ചു പോകുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് മുഹമ്മദ് ഫൈസൽ പറഞ്ഞു. നിലവിൽ തൊടുപുഴയിലെ വ്യാപാരികളുടെ ഏറ്റവും വലിയ ആശങ്ക മാസ്റ്റർ പ്ലാനിനെ സംബന്ധിച്ചാണ്. അസോസിയേഷന്റെ ആശങ്കകൾ പരിഹരിക്കും. മാസ്റ്റർ പ്ലാനിലെ ആശാസ്ത്രീയതകൾ നീക്കാൻ വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതിന് പാർട്ടി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ എന്നിവർ പങ്കെടുത്തു.