ഇരട്ടയാർ: കെട്ടിട നിർമ്മാണാവശിഷ്ടങ്ങളും മറ്റും റോഡരികിൽ ഉപേക്ഷിച്ചയാളിൽ നിന്ന് ഇരട്ടയാർ ഗ്രാമപ്പഞ്ചായത്ത് 5000 രൂപ പിഴയീടാക്കി. പൊതുനിരത്തിൽ തള്ളിയ മാലിന്യം അത് നിക്ഷേപിച്ചവരെക്കൊണ്ട് തന്നെ നീക്കം ചെയ്യിപ്പിച്ചു. കാമാക്ഷി സ്വദേശി ബിബിൻ തോമസിനെതിരെയാണ് പഞ്ചായത്ത് നടപടിയെടുത്തത്. ഇരട്ടയാർ ഡാം പരിസരം മുതൽ ശാന്തിഗ്രാം, ഇടിഞ്ഞമല വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം റോഡരികിലാണ് അലൂമിനിയം ഫാബ്രിക്കേഷൻ അവശിഷ്ടങ്ങളും മറ്റും തള്ളിയത്. കട്ടപ്പനയിൽ നിന്നുള്ള അവശിഷ്ടങ്ങളായിരുന്നു പെട്ടിഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് റോഡിരികിൽ തള്ളിയത്. ഈ പരിസരത്ത് നിന്ന് ലഭിച്ച പഴ്‌സിൽ നിന്നാണ് മാലിന്യം നിക്ഷേപിച്ചയാളുടെ സൂചന ലഭിച്ചത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം തെളിഞ്ഞത്. തുടർന്ന് മാലിന്യം നീക്കാനും പിഴയൊടുക്കാനും സെക്രട്ടറി നാരായണൻ നടപടിയെടുക്കുകയായിരുന്നു.