തൊടുപുഴ: തൊടുപുഴയിലെ ജനങ്ങളുടെ മേൽ ജനദ്രോഹപരമായ മാസ്റ്റർപ്ലാൻ അടിച്ചേൽപ്പിച്ച ശേഷം ഇതിന്റെ പാപഭാരം മറ്റുള്ളവരുടെ മേൽ വെച്ചുകെട്ടാനുള്ള ജെസി ആന്റണിയുടെ ശ്രമം വിലപ്പോവില്ലെന്ന് മുനിസിപ്പൽ കൗൺസിലറും കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ അഡ്വ. ജോസഫ് ജോൺ പറഞ്ഞു. 17/04/2019 ൽ ആണ് മാസ്റ്റർപ്ലാനിന്റെ അന്തിമ ഡ്രാഫ്റ്റ് റിപ്പോർട്ട് കൗൺസിലിൽ വന്നത്. അന്ന് ചെയർപേഴ്‌സൺ ആയിരുന്ന സഫിയ ജബ്ബാർ മാസ്റ്റർപ്ലാൻ കൂടുതൽ പഠനത്തിനായി തിരിച്ചയച്ചു. മറ്റ് ചെയർമാന്മാരുടെ കാലത്തും മാസ്റ്റർപ്ലാൻ അംഗീകാരത്തിനായി വന്നെങ്കിലും അംഗീകരിക്കാൻ തയ്യാറാവാതെ നിരസിക്കുകയാണ് ചെയ്തത്. പിന്നീട് ജെസി ആന്റണി ചെയർപേഴ്‌സണായിരുന്ന കാലത്ത് തനിക്ക് കൂടി ഗുണമുള്ള ചില തിരുത്തലുകൾ വരുത്തി മുനിസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി നഗരസഭ കൗൺസിലിൽ അജണ്ടയായി വയ്പ്പിക്കുകയുമായിരുന്നു. യാതൊരു ചർച്ചയും കൂടാതെ അന്ന് പാസാക്കി. ജെസി ആന്റണിയുടെ പിടിവാശിയുടെ ഫലമാണ് ഈ മാസ്റ്റർപ്ലാൻ. മാസ്റ്റർപ്ലാനിന്റെ ആമുഖത്തിലും പ്ലാനിലും ഒപ്പ് വച്ചിട്ടുള്ളത് ജെസി ആന്റണിയാണ്. ആമുഖത്തിൽ ജനദ്രോഹ പദ്ധതികളെ മുക്തകണ്ഠം പ്രശംസിക്കുകയും ഇത് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. തൊടുപുഴയുടെ ഭാവി വികസനത്തിനുള്ള റോഡ് മാപ്പാണ് മാസ്റ്റർപ്ലാനെന്ന് ജെസ്സി ആന്റണി വിശദീകരിച്ചിട്ടുണ്ട്. പി.ജെ. ജോസഫ് അറിഞ്ഞുകൊണ്ടാണ് ഈ മാസ്റ്റർപ്ലാൻ തയ്യാറാക്കിയതെന്നുള്ള ആരോപണം ഗുരുതരവും പച്ചക്കള്ളവുമാണ്. ഒരു സമയത്തും ഈ മാസ്റ്റർപ്ലാൻ സംബന്ധിച്ച് മുനിസിപ്പൽ കൗൺസിലോ ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റോ അദ്ദേഹത്തോട് യാതൊരു ചർച്ചകളും നടത്തിയിട്ടില്ല. തൊടുപുഴ റെസിഡൻസ് അസോസിയേഷനുകൾ ജനങ്ങളുടെ മുമ്പിൽ മാസ്റ്റർപ്ലാനിന്റെ അപാകതകൾ അവതരിപ്പിച്ചപ്പോഴാണ് പതിയിരിക്കുന്ന അപകടം ജനങ്ങൾക്ക് മനസിലായത്. മാസ്റ്റർപ്ലാനിനെ ഇപ്പോഴും അനുകൂലിച്ച് സംസാരിക്കുന്ന ഏക കൗൺസിലറാണ് ജെസ്സി ആന്റണിയെന്നും ചെയ്ത ജനദ്രോഹത്തിന് ജനങ്ങളോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.