 
ഇടവെട്ടി: അഞ്ചര ലക്ഷം ലിറ്റർ ശേഷിയുള്ള കൂറ്റൻ കുടിവെള്ള ടാങ്കിന്റെ അടിഭാഗം തകർന്ന നിലയിൽ. ഇടവെട്ടി പഴയ പോസ്റ്റ് ഓഫീസ് കവലതെക്കുംഭാഗം റൂട്ടിലുള്ള ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ടാങ്കിനാണ് കേടുപാട് ഉണ്ടായിരിക്കുന്നത്. ഇതിന് താഴെ 150 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഈ പ്രദേശത്ത് അതിശക്തമായ ഇടിമിന്നൽ വ്യാപക നാശം വിതച്ചിരുന്നു. ഇതിലാണ് ടാങ്കിനും കേടുണ്ടായതെന്ന് സംശയിക്കുന്നു. പുളിയമ്മാക്കൽ ബിനോ ജോസഫ് വാട്ടർ അതോറിട്ടിക്ക് നൽകിയ സ്ഥലത്ത് സ്ഥാപിച്ച ടാങ്ക് 2019ലാണ് കമ്മിഷൻ ചെയ്തത്. ഏറ്റവും ഉയരമുള്ള ഈ ഭാഗത്തേക്ക് നാട്ടുകാർ വരാറില്ലാത്തതിനാൽ സംഭവം ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇവിടെ എത്തിയവരാണ് ടാങ്കിന്റെ അടിഭാഗത്ത് വിള്ളൽ കണ്ടതെന്ന് തൊട്ടു താഴെ താമസിക്കുന്ന ബിജു പുളിയമ്മാക്കൽ പറഞ്ഞു. ടാങ്ക് പരിശോധിച്ചതായും അപകടാവസ്ഥ ഇല്ലെന്നും അറ്റകുറ്റപ്പണിക്കുള്ള നടപടി ആരംഭിച്ചതായും വാട്ടർ അതോറിട്ടി അസി. എൻജിനീയർ അറിയിച്ചു.