കട്ടപ്പന: ജില്ലാ പ്രോജക്ട് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു)​ കട്ടപ്പന പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. സി.പി.എം കട്ടപ്പന ഏരിയാ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയും നിർമ്മാണ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധ ധർണ. പെൻഷൻ ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക,​ നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക,​ കല്ലും മണലും ലഭ്യമാക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണ് നിർമ്മാണ തൊഴിലാളി യൂണിയൻ മുന്നോട്ട് വയ്ക്കുന്നത്. ധർണയിൽ ജില്ലാ പ്രോജക്ട് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ ഏരിയാ പ്രസിഡന്റ് എം.ആർ. ജയൻ, സെക്രട്ടറി പി.വി. സുരേഷ്, എം.സി. ബിജു, മാത്യു ജോർജ്, ടോമി ജോർജ്, പി.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.