തൊടുപുഴ: സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള തർക്കം മൂലം ഭൂമിയുടെ കരം ഒടുക്കാനാകാതെ കാരിക്കാട് വില്ലേജിലെ 8500ഓളം വസ്തു ഉടമകൾ. റീസർവേയ്ക്ക് ശേഷം കമ്പ്യൂട്ടർ സംവിധാനത്തിലുണ്ടായ ചില പാകപ്പിഴകളാണ് നികുതി ദായകരെ വലയ്ക്കുന്നത്. റവന്യു വകുപ്പും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും ഇക്കാര്യത്തിൽ പരസ്പരം പഴിചാരുന്നതല്ലാതെ പ്രശ്‌നപരിഹാരമുണ്ടാകുന്നില്ല.
ജില്ലാ കളക്ടർ മുതൽ ലാൻഡ് റവന്യു കമ്മീഷണർ വരെയുള്ളവർക്ക് പരാതി നൽകിയും വില്ലേജ് ഓഫീസ് കയറിയിറങ്ങിയും ഭൂഉടമകൾ വലയുകയാണ്. കാരിക്കോട് വില്ലേജിലെ മുനിസിപ്പൽ പ്രദേശങ്ങളിലെ റീസർവെ പൂർത്തിയാക്കി രേഖകൾ റവന്യൂ വകുപ്പിന് 2020 ഒക്ടോബർ 20ന് കൈമാറിയതായി ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്. എന്നാൽ 13 മാസം കഴിഞ്ഞിട്ടും റീസർവേ പ്രകാരം കരം അടച്ച് നൽകിയിട്ടില്ല. സാധാരണക്കാരന് മനസിലാകാത്ത ചില കാരണങ്ങളാണ് ഇതിന് അധികൃതർക്ക് പറയാനുള്ളത്. സർവേ രജിസ്‌ട്രേഷൻ വിഭാഗങ്ങൾ തമ്മിൽ ഭൂരേഖകളിൽ ഏകീകരണം വരുത്താനായി നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ സഹായത്തോടെ റെലിസ് സോഫ്‌റ്റ് വെയർ (റവന്യു ലാന്റ് ഇൻഫർമേഷൻ സിസ്റ്റം) തയ്യാറാക്കിയിരുന്നു. ഇതിന് ചുമതലപ്പെടുത്തിയിട്ടുള്ള എൻ.ഐ.സിയുടെ പാലക്കാട് ഓഫീസിൽ നാലക്കം വരുന്ന റീസർവേ ബ്ലോക്കുകൾ സോഫ്‌റ്റ്‌വേയറിൽ ചേർക്കാൻ ജീവനക്കാർ ഇല്ലത്രെ. ഇത് മൂലം നാലക്കം വരുന്ന റിസർവേ ബ്ലോക്ക് ആദ്യമായി കേരളത്തിലുണ്ടായ കാരിക്കോട് വില്ലേജിലെ 1002 മുതൽ 1013 വരെയും 1040, 1045 മുതൽ 1048 വരെയുള്ള 17 ബ്ലോക്കുകൾ സോഫ്‌റ്റ്‌വെയറിൽ ചേർക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം എൻ.ഐ.സി റവന്യൂ കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. എന്നാൽ സർവേ വിഭാഗം ജീവനക്കാരെ ഇത് ചെയ്യാൻ അനുവദിക്കുന്നുമില്ല. 2020 ഒക്ടോബർ 20ന് ശേഷം നടന്ന മുഴുവൻ ആധാരങ്ങളും റീസർവേ പ്രകാരം കരം അടവ് വരുമ്പോൾ വീണ്ടും പോക്ക് വരവ് ചെയ്യേണ്ട അവസ്ഥയുണ്ടാകും. ഇത് വില്ലേജ് ജീവനക്കാരും വസ്തു ഉടമകളും തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമാകും.