തൊടുപുഴ: ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതിചെയ്യണമെന്നും ഇടുക്കി ജില്ലയ്ക്ക് മാത്രം ബാധകമായ നിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണസമിതി നെടുങ്കണ്ടത്തു സംഘടിപ്പിച്ച സമരം സി.പി.എമ്മിന്റെ രാഷ്ട്രീയ നാടകമാണെന്ന് യു.ഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും പറഞ്ഞു.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2016ലെയും 2021-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകിയ ഹൈറേഞ്ച് സംരക്ഷണസമിതി സി.പി.എമ്മിന്റെ ട്രോജൻ കുതിരയാണ്. ഹൈറേഞ്ച് സംരക്ഷണ സംരക്ഷണ സമിതി ഇപ്പോൾ സമരവുമായി രംഗപ്രവേശം ചെയ്തത് സി.പി.എമ്മിന് വേണ്ടിയാണ്. ഹൈറേഞ്ച് സംരക്ഷണ സമിതിയെ സമരമുഖത്തു നിറുത്തിക്കൊണ്ട് ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതിചെയ്ത് അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കുകയാണ് സി.പി.എമ്മിന്റെ നിഗൂഢലക്ഷ്യം. ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ഇടുക്കി ജില്ലയിലെ ജനങ്ങളോട് ലവലേശമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പിണറായി സർക്കാരിനെ അധികാരത്തിലേറ്റാൻ കൂട്ടു നിന്ന കുറ്റമേറ്റ് ജനങ്ങളോട് മാപ്പ് പറഞ്ഞ് യു.ഡി.എഫിനോടൊപ്പം സമരം ചെയ്യാൻ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.