kpn
പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഡയാലിസിസ് യൂണിറ്റ്‌

കട്ടപ്പന: ഒടുവിൽ ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പൂർണ്ണ സജ്ജമാകുന്നു. പത്തിന് ആദ്യത്തെയാൾക്ക് ഡയാലിസിസ് ചെയ്‌തേക്കും. കൊച്ചുതോവാള സ്വദേശിയായ അമ്പതുകാരനാണ് ഡയാലിസിസിന് വിധേയനാകുന്നത്. യൂണിറ്റിനുള്ളിൽ രോഗാണുബാധയില്ലെന്ന സ്വാബ് കൾച്ചർ ഫലം അഞ്ചിന് എത്തുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ. ഫലം നെഗറ്റീവായാൽ പത്തിന് തന്നെ പ്രവർത്തനം തുടങ്ങാനാകും. 2021 ഫെബ്രുവരി 16 നാണ് പത്ത് കിടക്കകളുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നത്. അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഓൺലൈൻ വഴിയാണ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം നടത്തിയതല്ലാതെ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിരുന്നില്ല. അനുബന്ധ ജോലികൾ പൂർത്തിയാകാതെ ഇരുന്നതാണ് വൈകിപ്പിച്ചത്. ഡയാലിസിസ് കെട്ടിടത്തിലെ ശുചി മുറി ടാങ്കിന്റെയും ഡയാലിസിസ് മെഷീൻ പ്രവർത്തിക്കുന്നതിനുള്ള യു.പി.എസ് എത്തിക്കാൻ വൈകിയതുമാണ് കാലതാമസത്തിനിടയാക്കിയത്. ഇതിനിടെ സ്വാബ് കൾച്ചർ പരിശോധനാ ഫലം പോസിറ്റീവായതും വിനയായി. ഒമ്പത് മാസങ്ങൾക്ക് ശേഷം യൂണിറ്റ് പ്രവർത്തന സജ്ജമാകുന്നതോടെ ഹൈറേഞ്ചിലെ ഒട്ടേറെ ഡയാലിസിസ് രോഗികൾക്കാണ് പ്രയോജനകരമാകുക. സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന തുകയേക്കാൾ കുറഞ്ഞ നിരക്കിലാകും ഇവിടെ ഡയാലിസിസ് ചെയ്യുകയെന്ന് ആശുപത്രി സൂപ്രണ്ട് കെ.ബി. ശ്രീകാന്ത് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ഒരു ഡോക്ടർ,രണ്ട് നഴ്‌സുമാർ, ടെക്‌നീഷ്യൻ, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ഉപയോഗപ്പെടുത്തിയാകും യൂണിറ്റ് പ്രവർത്തനമാരംഭിക്കുക. ആഴ്ചയിൽ ആറ് ദിവസം രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.