തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിലുള്ള നിവേദനം പാസാക്കി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്. സേവ് കേരള, കരിങ്കുന്നം എന്ന സംഘടന തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ മുല്ലപ്പെരിയാർ സംബന്ധിച്ച അപേക്ഷ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പരിശോധിച്ചു. ഡാം തകരുന്ന സാഹചര്യമുണ്ടായാൽ ഡാമിന്റെ താഴ്‌വാരമായ വള്ളക്കടവ് മുതൽ ഇടുക്കി ഡാം വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക കമ്മിറ്റി പങ്കുവെച്ചു. കുളമാവ്, ചെറുതോണി ഡാമുകളുടെ സുരക്ഷിതത്വവും കമ്മിറ്റിയിൽ ചർച്ച ചെയ്തു. ഈ വിഷയത്തിന്റെ ഗൗരവ സാഹചര്യം മനസ്സിലാക്കി തുടർപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ആവശ്യകത ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് അറിയിച്ചു.