തൊടുപുഴ: 'രാത്രി സ്വസ്ഥമായി ഉറങ്ങിയിട്ട് ദിവസങ്ങളായി. എപ്പോഴാണ് വെള്ളം ഇരച്ച് കയറി വീട്ടിലേക്ക് വരികയെന്ന് അറിയില്ല. ഇന്നലെ പുലർച്ചെ ഞങ്ങളുടെ മൂന്ന് വീടുകളിൽ വെള്ളം കയറി. തുടർന്ന് നാല് വയസുള്ള കൊച്ചുമകളുമായി തേയിലത്തോട്ടത്തിൽ അഭയം തേടേണ്ടി വന്നു. "- വണ്ടിപ്പെരിയാർ ചിരക്കുളം ആറ്റോരം സ്വദേശി ഗീത തോമസ് പറയുന്നു. തുടർച്ചയായി മൂന്നാം ദിവസമാണ് രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്ന് ജലം തുറന്നുവിടുന്നത്.

കൃത്യമായ മുന്നറിയിപ്പ് നൽകാതെ ഷട്ടർ തുറന്ന് ജലം പുറത്തേയ്‌ക്കൊഴുക്കരുതെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട് വ്യാഴാഴ്ച അർധരാത്രിയിൽ തുറന്നത് പത്ത് ഷട്ടറുകളാണ്. ഡാം തുറന്ന ശേഷമാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന് പോലും മുന്നറിയിപ്പ് ലഭിച്ചത്. പുലർച്ചെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നോടെ വള്ളക്കടവ്, മഞ്ചുമല, ആറ്റോരം, പെരിയാർ വികാസ്, കീരിക്കര തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ ആശങ്കയിലായി. വീടുകളിൽ വെള്ളം കയറിയതോടെ പല കുടുംബങ്ങളും തേയിലത്തോട്ടങ്ങളിൽ അഭയം പ്രാപിച്ചു. പുലി ഇറങ്ങുന്നതിനാൽ ഇവിടെയും സുരക്ഷിതമല്ല. വള്ളക്കടവ് കറുപ്പുപാലത്തെ അഞ്ചു വീടുകളിൽ പൂർണമായും വെള്ളം കയറിയ സാഹചര്യമുണ്ടായി. യാതൊരു മുന്നറിയിപ്പുമില്ലാതെ ഡാം തുറന്ന് വിടുന്ന തമിഴ് നാടിന്റെ നിലപാടിൽ വ്യാപക പ്രതിഷേധത്തിലാണ് ജനങ്ങൾ. വണ്ടിപ്പെരിയാറ്റിൽ പൗരസമിതി പൊലീസ് സ്റ്റേഷനും ദേശീയ പാതയും ഉപരോധിച്ചു. മുന്നറിയിപ്പ് തരാത്ത പക്ഷം സമരം ശക്തമാക്കുമെന്ന് പൗരസമിതി അറിയിച്ചു. തമിഴ്‌നാടിന്റെ നീക്കത്തിൽ എൽ.ഡി.എഫ് പ്രാദേശിക നേതൃത്വവും രംഗത്ത് എത്തിയിട്ടുണ്ട്.

ഷട്ടറുകൾ തുറക്കലും അടയ്ക്കലും
പുലർച്ചെ 2.30- എട്ട് ഷട്ടറുകൾ 60 സെന്റിമീറ്രർ തുറന്നു
3.30- രണ്ടെണ്ണം കൂടി
4.30- അഞ്ചെണ്ണത്തിന്റെ അളവ് 30 സെ.മീ ആയി കുറച്ചു
5.00- ബാക്കി അഞ്ചെണ്ണത്തിന്റെയും അളവ് 30 സെ.മീ ആക്കി
6.00- എട്ട് ഷട്ടറുകൾ അടച്ചു
6.30- ഒരെണ്ണം കൂടി അടച്ചു
7.00- ആകെ തുറന്നിരിക്കുന്ന ഒരു ഷട്ടറിന്റെ അളവ് 10 സെ.മീ ആക്കി
9.00- ഒരെണ്ണം കൂടി തുറന്നു,​ രണ്ടും 30 സെ.മീ.
10.00- ഒരെണ്ണം കൂടി തുറന്നു
11.00- ഒന്ന് കൂടി തുറന്നു
12.30- ഒന്ന് കൂടി ഉയർത്തി
4.00- രണ്ടെണ്ണം കൂടി തുറന്നു (ആകെ ഏഴ്)
6.30- ഏഴ് ഷട്ടറിന്റെയും അളവ് 60 സെ.മീ കൂടി​

 ഡാമിലെ നിലവിലെ ജലനിരപ്പ്- 142 അടി
 ഡാമിലേക്ക് ഒഴുകിയെത്തുന്നത്- 3197.56 ഘനയടി/ സെക്കൻഡ്
 ഷട്ടർ വഴി പുറത്തേക്കൊഴുക്കുന്നത്- 8017.40 ഘനയടി/ സെക്കൻഡ്
 ടണൽ വഴി തമിഴ്നാട് കൊണ്ടുപോകുന്നത്- 1867ഘനയടി/ സെക്കൻഡ്

ഗേറ്റുകൾ തുറക്കണമെന്ന്

അടിയന്തിര സാഹചര്യങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് മുല്ലപ്പെരിയാർ ഡാമിന്റെ വെള്ളമൊഴുകുന്നതിന്റെ ഇരുവശങ്ങളിലുമുള്ള പശുമല, എ.വി.ടി ഉൾപ്പെടെയുള്ള എല്ലാ എസ്റ്റേറ്റ് ഉടമസ്ഥതയിലുമുള്ള റോഡുകളിലും ഇടവഴികളിലും ഉൾപ്പെടെ സ്ഥാപിച്ചിരിക്കുന്ന ഗേറ്റുകൾ തുറന്നു കൊടുക്കണമെന്ന് ജില്ലാ കളക്ടർ ഉടമകൾക്കും ബന്ധപ്പെട്ട അധികൃതർക്കും നിർദ്ദേശം നൽകി. പ്രതിബന്ധങ്ങൾ ആയി നിൽക്കുന്ന കമ്പിവേലിയും മറ്റും നീക്കം ചെയ്യണമെന്നും ബന്ധപ്പെട്ട എസ്റ്റേറ്റ് മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് അടിയന്തരമായി നടപ്പാക്കുന്നതിന് പീരുമേട് തഹസിൽദാർ, പീരുമേട് ഡിവൈ.എസ്.പി. എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.