തൊടുപുഴ: ലയൺസ് ക്ലബ് ഇന്റർനാഷണൽ കൊവിഡ് 'മഹാമാരിക്കെതിരെ ഒരു മഹായുദ്ധം' എന്ന മുദ്രാവാക്യവുമായി ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തിൽ പ്രചാരണ റാലി നടത്തി. എറണാകുളം ലയൺസ് ഡിസ്ട്രിക്ട് ഓഫീസിൽ നിന്ന് ആരംഭിച്ച റാലി അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് സാജൻ സേവിയർ ഫ്ളാഗ് ഓഫ് ചെയ്തു. ജാഥാ ക്യാപ്ടൻ റോയ് ലൂക്ക് നേതൃത്വം നൽകി. തൃപ്പുണിത്തുറ, പറവൂർ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ എന്നീ കേന്ദ്രങ്ങളിൽ മുനിസിപ്പൽ ചെയർമാൻമാർ, എം.എൽ.എമാർ തുടങ്ങിയവരുടെ നേതൃതത്തിൽ റാലിക്ക് സ്വീകരണം നൽകി. കൊവിഡ് മൂലം അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായവും ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവർക്ക് കൊവിഡ് കിറ്റുകളും വിതരണം ചെയ്തു. റാലിയുടെ സമാപന സമ്മേളനം തൊടുപുഴയിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ വി.സി. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ റോയ് ലൂക്ക് ആമുഖപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് സെക്രട്ടറി സാജു പി. വർഗീസ്, ട്രഷറർ സി.ജെ. ജെയിംസ്, അഡ്വ. സി.കെ. വിദ്യാസാഗർ, ഡോ. സുദർശൻ, കെ.ബി. ഷൈൻ കുമാർ, ജോസ് മംഗലി, രാജൻ നമ്പൂതിരി, റീജിയണൽ ചെയർമാൻ അഡ്വ. ടോം ജോസ്, സോൺ ചെയർമാൻ സനൽ, തൊടുപുഴ എലൈറ്റ് ക്ലബ് പ്രസിഡന്റ് ജെയ്‌സ് ജോൺ, മറ്റ് ലയൺസ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.