തൊടുപുഴ: നിലവിൽ വിജ്ഞാപനം ചെയ്തിരിക്കുന്ന തൊടുപുഴ നഗരസഭാ കരട് മാസ്റ്റർ പ്ലാൻ രൂപീകരണവും അംഗീകരിക്കലുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കക്ഷിഭേദമെന്യേ കൗൺസിൽ ഐകകണ്‌ഠേനയാണ് എടുത്തതെന്ന് മുൻനഗരസഭാ ചെയർപേഴ്‌സണും കൗൺസിലറുമായ പ്രൊഫ. ജെസി ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെയും ഇടതുമുന്നണിക്കെതിരെയുമുള്ള ആരോപണം ദുരുദ്ദേശത്തോടെയാണ്. കരട് മാസ്റ്റർ പ്ലാൻ രൂപം കൊണ്ടതും അംഗീകരിക്കപ്പെട്ടതും യു.ഡി.എഫ്. നഗരസഭ ഭരിച്ചിരുന്നപ്പോഴാണ്. അന്നും എം.എൽ.എ പി.ജെ.ജോസഫായിരുന്നു. 21.06.2010 ലാണ് കരട് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ ആരംഭിച്ചത്. കരട് മാസ്റ്റർ പ്ലാൻ അപാകതകൾ പരിഹരിച്ച് രൂപ്പപെടുത്താൻ 35 അംഗ കൗൺസിൽ രൂപം നൽകിയ 11 അംഗ സബ് കമ്മിറ്റിയിൽ 8 പേരും യു.ഡി.എഫ് നേതാക്കളായിരുന്നു. ഇപ്പോൾ വിജ്ഞാപനം ചെയ്തത് മാസ്റ്റർ പ്ലാനിന്റെ കരട് രേഖ മാത്രമാണ്. കരട് പ്രസിദ്ധീകരിച്ചതിന് ശേഷം ലഭിച്ച പരാതികൾ പരിഹരിച്ചുകൊണ്ടാണ് യഥാർത്ഥ മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നത്. ഈ വസ്തുത മറച്ച് വച്ചാണ് ചിലർ ആരോപണമുന്നയിച്ച് തെറ്റിദ്ധാരണ പരത്തുന്നത്. നഗരത്തിന്റെ വികസനത്തിന് ആവശ്യമായത് കൊണ്ടാണ് സർക്കാർ നിർദ്ദേശ പ്രകാരം മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. കൗൺസിൽ തയ്യാറാക്കിയില്ലെങ്കിൽ സർക്കാർ നേരിട്ട് തയ്യാറാക്കുമെന്ന് നഗരസഭകളെ അറിയിച്ചിരിക്കുകയാണ്. പഞ്ചായത്തുകൾക്ക് പോലും വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഗവ. തലത്തിൽ പദ്ധതികൾ രൂപീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പദ്ധതിയുമായി നഗരസഭ മുന്നോട്ട് പോകുകയും ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുകയുമാണ് വേണ്ടതെന്നും ജെസി ആന്റണി ആവശ്യപ്പെട്ടു.