തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് ശത്രുതാപരമായ നിലപാടാണ് കേരളത്തോട് സ്വീകരിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകൾ തുറന്ന് വിടുന്നത് അപലപനീയമാണ്. ഇത് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരുടെ സുരക്ഷിതത്വം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്ന കേരളത്തിന്റെ ഏറ്റവും ശരിയായ നിലപാടിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് തമിഴ്‌നാട് നടത്തുന്നത്. അങ്ങേയറ്റം പ്രകോപനപരമായ തമിഴ്‌നാടിന്റെ നിലപാടിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഐക്യം രൂപപ്പെടണം. കഴിഞ്ഞ രാത്രിയിൽ സ്പിൽവേയിലൂടെ ജലമൊഴുക്കിയ തമിഴ്‌നാടിന്റെ നടപടി കോടതി വിധിക്ക് പോലും എതിരായിട്ടുള്ളതാണ്. കേരളത്തോട് ശത്രുതാപരമായ നിലപാടാണ് തമിഴ്‌നാട് സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ അടിയന്തരമായി കേന്ദ്രം ഇടപെടണമെന്നും കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.