തൊടുപുഴ: മുല്ലപ്പെരിയാർ പട്ടയവിഷയങ്ങളിൽ യു.ഡി.എഫ് സമരം ശക്തമാക്കുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ ഒരാഴ്ച മുമ്പ് കെ.പി.സി.സി പ്രസിഡന്റ് പങ്കെടുത്ത മനുഷ്യചങ്ങല വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ നാളെ രാവിലെ 10 വരെ ചെറുതോണിയിൽ ഉപവാസം അനുഷ്ഠിക്കും. ഉപവാസ സമരം പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്. നാളെ രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം കേരളകോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.
ഇതിന് പിന്നാലെ ജില്ലയിലെ പട്ടയ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് വലിയ സമരപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. ഈ മാസം തന്നെ വലിയ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കും. ജില്ലയുടെ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിറുത്തികൊണ്ട് തന്നെ സാധാരണ ജനങ്ങൾക്ക് ജീവിക്കാനാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ പറഞ്ഞു. ഇതിന്റെ വളരെ വിശദമായ ആക്ഷൻ പ്ലാൻ സമരപ്രഖ്യാപന കൺവെൻഷനിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടയ- ഭൂ വിഷയങ്ങളിൽ സമരവുമായി കഴിഞ്ഞ ദിവസം ഹൈറേഞ്ച് സംരക്ഷണസമിതി രംഗത്തെത്തിയതിന് പിന്നാലെ യു.ഡി.എഫും സമരപാതയിലേക്ക് നീങ്ങുന്നതിന് പ്രസക്തിയേറെയാണ്. ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ജില്ലയിൽ സമരചൂടേറും.
ഇന്ന് ചെറുതോണിയിൽ നടക്കുന്ന ഉപവാസസമരത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ അദ്ധ്യക്ഷതവഹിക്കും. ജില്ലാ കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ് സ്വാഗതം ആശംസിക്കും. നേതാക്കളായ സി.പി. മാത്യു, ജോസി സെബാസ്റ്റ്യൻ, അഡ്വ. ഇ.എം. ആഗസ്തി, എ.കെ. മണി, സുലൈമാൻ റാവുത്തർ, മാത്യു സ്റ്റീഫൻ, ടി.എം. സലിം, കെ.എം.എ ഷുക്കൂർ, അഡ്വ. ജോയി തോമസ്, റോയി കെ. പൗലോസ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, അഡ്വ. എം.എൻ. ഗോപി, നോബിൾ ജോസഫ്, അഡ്വ. ജോസഫ് ജോൺ, പ്രൊഫ. ഷീല സ്റ്റീഫൻ, അഡ്വ. ജോസി ജേക്കബ്ബ്, അഡ്വ. തോമസ് പെരുമന, ആന്റണി ആലഞ്ചേരി, എം. മോനിച്ചൻ, ബേബി പതിപ്പിള്ളി, ഷൈനി സജി, കെ. സുരേഷ് ബാബു, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, ഷാഹുൽ ഹമീദ്, ആർ. ബാലൻപിള്ള, പി.എം. അബ്ബാസ് എന്നിവർ പ്രസംഗിക്കും.
'ഒന്നാം പിണറായി സർക്കാരിന്റെ കാലത്തിറങ്ങിയ എക്സിക്യൂട്ടീവ് ഉത്തരവുകളെല്ലാം സാധാരണക്കാരെയും കർഷകരെയും വലിയ പ്രയാസത്തിലാക്കി. മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ വീടുണ്ടെങ്കിൽ മറ്റൊരു വീട് നിർമിക്കാനാകില്ലെന്ന തരത്തിലുള്ള വിചിത്രമായ ഉത്തരവുകളാണ് ജില്ലയിലുള്ളത്. മുല്ലപ്പെരിയാർ ജലംബോബാണെന്ന് പറഞ്ഞ എം.എം. മണി ഇടുക്കി വിട്ട് തിരുവനന്തപുരത്തെത്തുമ്പോൾ കവാത്ത് മറക്കും. ഇവിടത്തെ പാവപ്പെട്ട കർഷകരെയും സാധാരണക്കാരെയും കബളിപ്പിക്കുന്ന നിലപാടാണിത്. "
-പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ