കട്ടപ്പന: ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൈ പിടിച്ചു കൊണ്ട് വരുന്നതിന് നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പന നഗരസഭ ആഡിറ്റോറിയത്തിൽ നടന്ന ലോക ഭിന്നശേഷി ദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരുടെ പ്രശ്‌നങ്ങൾ സമൂഹത്തിന്റെ പൊതു വിഷയമായി കണക്കാക്കി ചർച്ച ചെയ്യപ്പെടണമെന്നും മന്ത്രി പറഞ്ഞു. അവരുടെ വിഷയങ്ങൾ ലഘൂകരിക്കാൻ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇനിയും അക്കാര്യത്തിൽ അതീവ ശ്രദ്ധ നൽകും. ഇവരുടെ വീടുകളിൽ സൗജന്യമായി ജലം വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദിനാചരണത്തിൽ കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റോമി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ ഇടുക്കിയുടെയും കട്ടപ്പന ബി.ആർ.സിയുടെയും സംയുക്ത നേതൃത്വത്തിൽ ഭിന്നശേഷി ദിനാചാരണവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് നടത്തി വരുന്നത്. ഇതോടനുബന്ധിച്ച് നടത്തിയ കലാപരിപാടികളുടെ സമ്മാന വിതരണവും ഇവരുടെ കലാസൃഷ്ടികളുടെ

കൈപുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സമഗ്ര ശിക്ഷ ജില്ലാ കോ-ഓർഡിനേറ്റർ യാസർ, വാർഡ് കൗൺസിലർ ഷാജി കൂത്താടി, എസ്.കെ ശിവൻകുട്ടി, സനൽകുമാർ, എൻ.വി. ഗിരിജ കുമാരി, ഡോ. പയസ് തുടങ്ങിയവർ പങ്കെടുത്തു.