തൊടുപുഴ: നവംബർ 27 മുതൽ 30 വരെ വാരണാസിയിൽ നടന്ന 65 വയസിനു മുകളിൽ പ്രായമുള്ളവരുടെ മൂന്നാമത് ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ തൊടുപുഴ അഞ്ചിരി സ്വദേശിയായ സൂസി മാത്യു 200 മീ., 400 മീ. ഓട്ടത്തിലും ഹൈജമ്പിലും സ്വർണവും 4 X 400 മീ. റിലേയിൽ വെള്ളിയും നേടി ടൂർണമെന്റിലെ ഏറ്റവും മികച്ച വനിത അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന് 95 പുരുഷന്മാരും 30 വനിതകളും ദേശീയ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇടുക്കി കഞ്ഞിക്കുഴി സ്‌കൂളിലെ ടി. ദിലീപ് 400 മീറ്റർ ഓട്ടത്തിലും, 4 X 400 മീ. റിലേയിലും വെള്ളിമെഡലും നേടിയിട്ടുണ്ട്. മൂന്നു സ്വർണ്ണമെഡലുകളും ഒരു വെള്ളിമെഡലും നേടിക്കൊണ്ട് ദേശീയ ചാമ്പ്യൻഷിപ്പിലെ താരമായി മാറിയ സൂസി മാത്യുവിനെ ജനുവരിയിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. കുടയത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായിരുന്ന പഴയിടം പി.ജെ. മാത്യുവിന്റെ ഭാര്യയാണ് സൂസി.