തൊടുപുഴ: നഗരസഭാ കൗൺസിൽ രൂപപ്പെടുത്തിയ നഗരവികസനത്തിനായുള്ള കരട് മാസ്റ്റർ പ്ലാനിൽ ധാരാളം അപാകതകൾ ഉള്ളതുകൊണ്ട് അത് പിൻവലിച്ച് പുതിയ പ്ലാൻ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കരട് പ്ലാൻ തയ്യാറാക്കിയ മുനിസിപ്പൽ കൗൺസിലിന്റെ പതിനൊന്നംഗ സബ് കമ്മിറ്റിയിൽ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും പ്രതിനിധികൾ ഉണ്ടായിരുന്നെങ്കിലും അവർ വേണ്ടവണ്ണം ജനകീയാഭിപ്രായങ്ങൾ അറിഞ്ഞല്ല പദ്ധതി രൂപീകരിച്ചതെന്ന് കേരള കോൺഗ്രസ് (എം)​ കുറ്റപ്പെടുത്തി. തൊടുപുഴയിൽ ഇടവഴികൾ പോലും ഹൈവേ ആയി പ്രഖ്യാപിച്ചു കൊണ്ട് മുൻകാലങ്ങളിൽ നടത്തിയ ചില വികസന പ്രഖ്യാപനങ്ങൾ ഇന്ന് പൊതുജനങ്ങൾക്ക് ശല്യമായി മാറിയിരിക്കുകയാണ്. ആയിരം വർഷം കഴിഞ്ഞാലും നടക്കാത്ത വികസനപദ്ധതികളും റോഡുകളും പ്രഖ്യാപിച്ച് ചില റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് നേട്ടമുണ്ടാക്കാൻ അവസരം നൽകിയപ്പോൾ അത് സാധാരണക്കാരെ ദോഷകരമായി ബാധിക്കുകയാണ് ചെയ്തത്. പുതിയ മാസ്റ്റർ പ്ലാൻ രൂപീകരണത്തിനായി പുതിയ സബ്‌കമ്മിറ്റി രൂപീകരിക്കുന്നതിനും സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ,​ സ്ഥലം എം.എൽ.എ, എം.പി തുടങ്ങിയവരെ കൂടി ആലോചനയിൽ പങ്കാളികളാക്കാൻ മുനിസിപ്പൽ കൗൺസിൽ തയ്യാറാകണമെന്നും നിയോജക മണ്ഡലം കമ്മിറ്റി അഭ്യർത്ഥിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ആമ്പൽ ജോർജ്, ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ, അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം,ജോയ് പാറത്തല, അഡ്വ. ബിനു തോട്ടുങ്കൽ, ഷീൻ വർഗീസ്, കുര്യാച്ചൻ പൊന്നാമറ്റം, റോയിസൺ കുഴിഞ്ഞാലിൽ, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.