തൊടുപുഴ: ഒട്ടേറെ അപാകതകളും അപ്രായോഗികതകളും തെറ്റുകളും നിറഞ്ഞ തൊടുപുഴ നഗരസഭാ മാസ്റ്റർ പ്ലാൻ മരവിപ്പിക്കണമെന്ന് ജനകീയ സഭ. ഏതു മാനദണ്ഡപ്രകാരം വിലയിരുത്തിയാലും നിലവിലെ മാസ്റ്റർ പ്ലാനിലെ തെറ്റുകളും അപ്രായോഗികതകളും അശാസ്ത്രീയതകളും തിരുത്താതെ മുന്നോട്ടു പോകാൻ കഴിയില്ല. ഇതിനു നിലവിലുള്ള നോട്ടിഫിക്കേഷൻ മരവിപ്പിച്ച് ആവശ്യമായ സമയമെടുത്ത് കൗൺസിലിലും ഗ്രാമസഭകളിലും ചർച്ച നടത്തി പൊതുധാരണകൾ രൂപപ്പെടുത്തി ഭേദഗതികൾ വരുത്തുന്നതാണ് ഉചിതമായ നടപടി. എന്നാൽ കൗൺസിൽ പ്രമേയം പാസാക്കിയാലും സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. എന്നാൽ മരവിപ്പിക്കൽ ഒഴിവാക്കി പരാതി നൽകുന്നതിന് ഏതാനും ദിവസങ്ങൾ കൂടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് മതിയെന്ന നിലപാടുള്ള ചില കേന്ദ്രങ്ങൾ രംഗത്തു വന്നിട്ടുണ്ട്. സർക്കാർ ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങി മരവിപ്പിക്കൽ ഒഴിവാക്കിയാൽ ഈ വിഷയങ്ങൾ ശരിയായ നിലയിൽ പരിഹരിക്കാൻ കഴിയാതെ വരും. ഇത് ജനങ്ങളെ വൻപ്രതിസന്ധിയിലാക്കാൻ ഇടവരും. ഈ സാഹചര്യത്തിൽ നിലവിലെ നോട്ടിഫിക്കേഷൻ മരവിപ്പിച്ച് ബന്ധപ്പെട്ട വേദികളിലും പൊതുജനങ്ങളുമായും ചർച്ച നടത്തി പൊതുധാരണകൾ രൂപപ്പെടുത്തി വിവാദ പദ്ധതികൾ പുനർനിർണയിച്ചും ഒഴിവാക്കേണ്ടവ ഒഴിവാക്കിയും പൊതു സ്വീകാര്യതയുള്ള ഒരു മാസ്റ്റർ പ്ലാനാണ് തൊടുപുഴയ്ക്ക് വേണ്ടത്. ആകയാൽ പറവൂർ നഗരസഭയിൽ ചെയ്തതുപോലെ നിലവിലെ നോട്ടിഫിക്കേഷൻ പൂർണമായി മരവിപ്പിക്കണമെന്നും ജനകീയസഭ ആവശ്യപ്പെട്ടു.