ഇടുക്കി: കേന്ദ്ര കേരള സർക്കാരുകളുടെ ധനസഹായത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എസ്.ടി, എസ്.സി പ്രമോട്ടർമാരുടെ യോഗം ചേർന്ന് പദ്ധതികൾ ആവിഷ്‌കരിച്ചു. കട്ടപ്പന പട്ടികവർഗ്ഗ വികസന ഓഫീസിൽ ചേർന്ന യോഗം ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ പി.വൈ. സുനീഷ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം. അബ്ദുൾ കരീം അദ്ധ്യക്ഷനായിരുന്നു. ഇടുക്കി, നെടുങ്കണ്ടം, കട്ടപ്പന, പീരമേട് ബ്ലോക്കുകളിലെ എസ്.ടി. എസ്.സി പ്രമോട്ടർമാർ യോഗത്തിൽ പങ്കെടുത്തു. 2022 മാർച്ച് 31 ഓടെ ജില്ലയിൽ നിന്ന് 20,000 പേരെ പദ്ധതിയുടെ ഭാഗമായി കണ്ടെത്തി സാക്ഷരരാക്കും. ഇതിനായി 2000 സന്നദ്ധ പ്രവർത്തകരെ കണ്ടെത്തും. വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘാടക സമിതികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. യോഗത്തിൽ സാക്ഷരതാ മിഷൻ ജില്ലാ അസി. കോർഡിനേറ്റർ ജെമിനി ജോസഫ് സ്വാഗതവും കട്ടപ്പന നഗരസഭ പ്രേരക് കെ.എ. ഗീതമ്മ നന്ദിയും പറഞ്ഞു.