തൊടുപുഴ: നഗരസഭാ കരട് മാസ്റ്റർപ്ലാൻ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ നൽകിയ പ്രമേയം ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ വോട്ടിനിട്ട് തള്ളി. പ്രമേയത്തിന് പ്രതികൂലമായി എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ നില കൊണ്ടതോടെ വിഷയം ചർച്ച ചെയ്ത് വോട്ടെടുപ്പ് നടത്തുകയായിരുന്നു. വോട്ടെടുപ്പിൽ 12 നെതിരെ 19 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നിനാണ് അടിയന്തര കൗൺസിൽ യോഗം ചേർന്നത്. വടക്കൻ പറവൂർ നഗര സഭയിൽ കൊണ്ടു വന്ന കരട് മാസ്റ്റർ പ്ലാൻ മരവിപ്പിച്ചതു പോലെ ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാസ്റ്റർ പ്ലാൻ മരവിപ്പിച്ച് ഭേദഗതികളോടെ നടപ്പാക്കണം എന്നായിരുന്നു യു.ഡി.എഫ് അംഗങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
മാസ്റ്റർപ്ലാൻ പ്രകാരമുള്ള വീതിയിൽ റോഡ് നിർമ്മാണം പ്രായോഗികമല്ലെന്നും വിവിധ വാർഡുകളിലെ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളും വീടുകളും പൊളിച്ച് മാറ്റേണ്ടി വരുമെന്നും യു.ഡി.എഫ് കൗൺസിലർ ജോസഫ് ജോൺ യോഗത്തിൽ പറഞ്ഞു. ഇതുവഴി നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനത്തിൽ ഭീമമായ നഷ്ടം സംഭവിക്കും. പദ്ധതി നടപ്പിലാക്കാൻ കോടികളുടെ ഫണ്ട് ആവശ്യമാണെന്നും ഇത് എവിടെ നിന്ന് ലഭിക്കുമെന്ന കാര്യത്തിൽ കൃത്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മാസ്റ്റർ പ്ലാൻ മരവിപ്പിക്കേണ്ടെന്നും ഭേദഗതി വരുത്തിയാൽ മതിയെന്നുമായിരുന്നു എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാരുടെ നിലപാട്. മാസ്റ്റർ പ്ലാൻ മരവിപ്പിച്ചാൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും അതിനാൽ മരവിപ്പിക്കൽ അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ഇവരുടെ വാദം. കൗൺസിലർമാരുമായി ആലോചിക്കാതെയാണ് കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിച്ചതെന്നും ഏവർക്കും മനസിലാകുന്ന രീതിയിൽ അടിയന്തിരമായി മലയാളത്തിൽ തയ്യാറാക്കണമെന്നും ബി.ജെ.പി കൗൺസിലർ രാജൻ ആവശ്യപ്പെട്ടു.
അന്തിമ മാസ്റ്റർപ്ലാൻ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതു വരെ നിർമാണ നിരോധനം ഏർപ്പെടുത്തുന്ന തീരുമാനമാണ് നഗരസഭയുടെതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യു.ഡി.എഫ് കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ. ദീപക്, എം.എ. കരീം എന്നിവർ ആരോപിച്ചു.
ജനത്തിനെ ആശങ്കപ്പെടുത്തുന്ന മാസ്റ്റർ പ്ലാൻ മരവിപ്പിച്ച ശേഷം കൂടുതൽ വ്യക്തത വരുത്തി ജനത്തിനെ കഷ്ടപ്പെടുത്താതെ ഭേതഗതികളോടെ പുനർക്രമീകരിക്കണമെന്ന് യു.ഡി.എഫ് കൗൺസിലർ കെ. ദീപക് യോഗത്തിൽ പറഞ്ഞു. അത് വരെ ജനത്തിന്റെ അപേക്ഷകൾ പരിഹരിക്കണമെന്നും ദീപക് ആവശ്യപ്പെട്ടു. എന്നാൽ മാസ്റ്റർ പ്ലാൻ മരവിപ്പിക്കേണ്ടതില്ലെന്നും ഭേദഗതികൾ വരുത്തിയാൽ മതിയെന്നുമായിരുന്നു എൽ.ഡി.എഫ് പക്ഷത്ത് നിന്നുള്ള ചെയർമാൻ സനീഷ് ജോർജ്, വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, മുൻ ചെയർപേഴ്‌സൺ ജെസി ആന്റണി, ടി.ജെ. മാത്യു, മുഹമ്മദ് അഫ്‌സൽ, ബി.ജെ.പി അംഗങ്ങളായ ടി.എസ്. രാജൻ, സി. ജിതേഷ് എന്നിവരുടെ നിലപാട്. പിന്നീട് പ്രമേയം വോട്ടിനിടുകയായിരുന്നു. തുടർന്ന് മാസ്റ്റർ പ്ലാൻ മരവിപ്പിക്കേണ്ടതില്ലെന്നും ഭേദഗതി മതിയെന്നും കൗൺസിൽ തീരുമാനിക്കുകയായിരുന്നു. നഗരസഭാ ചട്ടങ്ങളും ടൗൺ ആക്ട് പ്രകാരവുമാണ് കരട് തയ്യാറാക്കിയതെന്നും ഇതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും ടൗൺ പ്ലാനർ യോഗത്തിൽ പറഞ്ഞതിനെ യു.ഡി.എഫ് കൗൺസിലർമാർ എതിർത്തത് ബഹളത്തിനിടയാക്കി.
'മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ജനത്തിനുണ്ടായിട്ടുള്ള ആശങ്കകൾ തീർച്ചയായും പരിഹരിക്കും. എല്ലാ മേഖലകളിലുമുള്ളവരുമായി ആശയ വിനിമയം നടത്തും. പ്രത്യേകമായി വാർഡ് സഭകൾ ഉടൻ ചേരും. കൗൺസിലർമാർക്ക് കൂടുതൽ വ്യക്തതയ്ക്ക് വേണ്ടി ജില്ലാ പ്ലാനിംഗ് ഓഫീസറും ടൗൺ പ്ലാനറും ഇന്നത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നു"
-സനീഷ് ജോർജ് (ചെയർമാൻ)