മുട്ടം: ആൾമാറാട്ടം നടത്തി കോടതിയെ കബളിപ്പിച്ച സംഭവത്തിൽ പ്രതികൾക്ക് 2000 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു. കോട്ടയം തൃപ്പാക്കൽ അഭിജിത്ത് കുമാർ, കല്ലൂർക്കാട് താന്നിക്കാപ്പാറയിൽ വിഷ്ണു ടി.എസ്, മുട്ടം വടശ്ശേരിയിൽ ആൽബിൻ ജോസ്,​ കണ്ണൂർ കുറ്റിയേത്ത് നിഖിൽ, പുത്തൻപുരയ്ക്കൽ മണിയമ്മ, തുടങ്ങനാട് കുളത്തിങ്കൽ ഫ്രാൻസിസ് എന്നിവർക്കാണ് മുട്ടം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി ശിക്ഷ വിധിച്ചത്. അടിപിടിക്കേസിൽ പ്രതിയായ വ്യക്തിക്ക് പകരം മറ്റൊരാൾ കോടതിയിൽ ഹാജരായ സംഭവത്തിലാണ് നാല് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും ഇവർക്ക് ജാമ്യം നിന്ന മുട്ടം സ്വദേശികൾക്കെതിരെയും കേസെടുത്തത്. മുട്ടം എൻജിനീയറിങ്‌ കോളേജിൽ 2016ൽ നടന്ന എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷവുമായി ബന്ധപ്പെട്ടാണ്‌ കേസ് ഉണ്ടാകുന്നത്. കോടതി സമൻസ് അയച്ചെങ്കിലും ഇവർ ആകോടതിയിൽ ഹാജരായില്ല. ഇതോടെ അറസ്റ്റ് വാറണ്ടായി. ഇതിനിടെ മൂന്നാം പ്രതി മുനീഷ്‌ ജോലിക്കായി വിദേശത്ത് പോയി. മറ്റ് നാല് പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ഇതിൽ മൂന്നാം പ്രതിയും ആ സമയം വിദേശത്തുള്ളതുമായ മുനീഷിന് പകരം നിഖിലാണ്‌ കോടതിയിൽ ഹാജരായത്. ഇയാൾ മുനീഷിന്റെ തിരിച്ചറിയൽ കാർഡും കരുതിയിരുന്നു. ഈ സംഭവമാണ് രണ്ടാമത്തെ കേസിന് കാരണം. കോടതിയിൽ ഹാജരായിരുന്ന മുട്ടം പൊലീസും ആൾമാറാട്ടം അറിഞ്ഞില്ല. പിന്നീട് ഇക്കാര്യം മനസിലാക്കിയ കോടതി അടിയന്തരമായി നാലുപ്രതികളെയും ജാമ്യം നിന്ന മുട്ടം പുത്തൻപുരയ്ക്കൽ മണിയമ്മ, തുടങ്ങനാട് കുളത്തിങ്കൽ ഫ്രാൻസിസ് എന്നിവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു. ആൾമാറാട്ടം നടത്തിയ കേസിൽ മുനീഷ് പ്രതിയല്ല.