തൊടുപുഴ: നഗരസഭയുടെ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ഇന്നലെ നടന്ന പ്രത്യേക കൗൺസിലിൽ തങ്ങളുടെ നിലപാട് വോട്ടെടുപ്പിൽ അംഗീകരിക്കപ്പെട്ടതായി ബി.ജെ.പി. കരട് മാസ്റ്റർ പ്ലാൻ മലയാളത്തിലാക്കി വാർഡുസഭകളിൽ അവതരിപ്പിച്ച് ജനങ്ങളുടെ ആശങ്കയകറ്റി ആവശ്യമായ മാറ്റങ്ങളോടെ സമയ ബന്ധിതമായി നടപ്പിലാക്കിയാൽ മാത്രമേ പൊതുജനങ്ങൾക്ക് ഗുണമുണ്ടാകൂ എന്ന നിലപാടാണ് ബി.ജെ.പി കൗൺസിലർമാർ സ്വീകരിച്ചത്. മരവിപ്പിക്കൽ കൊണ്ട് കാല താമസം മാത്രമേ ഉണ്ടാകൂ എന്നതല്ലാതെ സാധാരണക്കാർക്ക് ഒരു ഗുണവുമുണ്ടാകില്ലെന്നും ആവശ്യമായ ഭേദഗതികൾ ആണ് ഗുണകരമെന്നും ബിജെപി കൗൺസിലർമാരായ റ്റി.എസ്. രാജൻ, പി.ജി. രാജശേഖരൻ, ജിതേഷ് സി, ബിന്ദു പത്മകുമാർ, ജിഷ ബിനു, ശ്രീലക്ഷ്മി കെ. സുദീപ്, കവിതാ വേണു, ജയലക്ഷ്മി ഗോപൻ എന്നിവർ യോഗത്തിൽ കൗൺസിലിനെ ബോധിപ്പിച്ചു.
അനാവശ്യമായ പുതിയ റോഡുകൾ ഉപേക്ഷിക്കുക, റോഡുകളുടെ വീതി കൂട്ടുന്നത് അനുയോജ്യമായ രീതിയിലാക്കുക, സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകൾക്ക് ജനവാസ മേഖലയിൽ നിന്ന് മാറ്റി പുതിയ സ്ഥലങ്ങൾ കണ്ടെത്തുക, സ്റ്റേഡിയങ്ങളുടെ എണ്ണം ആവശ്യാനുസരണം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുക, സോണുകൾ തിരിച്ചതിലുള്ള തെറ്റുകൾ തിരുത്തുക, പാർക്കിങ് ഏരിയ ആയി കണ്ടെത്തിയ സ്ഥലങ്ങളിൽ കെട്ടിടങ്ങൾ ഉള്ളത് ഒഴിവാക്കി പുതിയ പാർക്കിങ് സ്ഥലം കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളാണ് ബി.ജെ.പി കൗൺസിലർമാർ യോഗത്തിൽ ഉന്നയിച്ചത്. ഇവയെല്ലാം കൗൺസിൽ അംഗീകരിച്ചതായി ബി.ജെ.പി നേതാക്കൾ പറഞ്ഞു.