മർദിച്ചത് സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിനെന്ന് സംശയം
തൊടുപുഴ: മക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ഒരു വിഭാഗം ബസിനുള്ലിൽ ക്രൂരമായി മർദ്ദിച്ചു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുള്ളരിങ്ങാട് താന്നിക്കൽ മനു സുധനാണ് (40) ക്രൂരമായി മർദ്ദനമേറ്റത്. മനു ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്. മുള്ളരിങ്ങാട് നിന്ന് ബസിൽ തൊടുപുഴയ്ക്ക് 10ഉം 11ഉം വയസുള്ള രണ്ട് മക്കൾക്കൊപ്പം വരികയായിരുന്നു. മങ്ങാട്ടുകവലയെത്തിയപ്പോൾ ബസിൽ കയറി പത്തിലേറെ വരുന്ന സംഘം മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ മനുവിനെ തൊടുപുഴ ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സാമൂഹിക മാധ്യമത്തിൽ വന്ന പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് മനു ആരോപിച്ചു. സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു. ഒരാൾ പോപ്പുലർഫ്രണ്ട് പ്രവർത്തകനാണ്.