തൊടുപുഴ: അൽ- അസ്ഹർ കോളേജ് ഓഫ് എൻജിനീയറിങ് ആന്റ് ടെക്‌നോളജിയും ഐ.എം.എ തൊടുപുഴ യൂണിറ്റും എച്ച്.ഡി.എഫ്.സി ബ്രാഞ്ചിന്റെയും സഹായത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പ് മൂന്ന് വരെ നീണ്ട നിന്നു. അറുപതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുകയും രക്തദാനം ചെയ്യുകയും ചെയ്തു. അൽ- അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് മാനേജിങ് ഡയറക്ടർ അഡ്വ. കെ.എം. മിജാസ്, എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. മെൽവിൻ ജോസ്, എച്ച്.ഡി.എഫ്.സി ബാങ്ക് മാനേജർ ഗിരീഷ് രാജഗോപാൽ, റിലേഷൻഷിപ്പ് മാനേജർ ബിപിൻ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. മെക്കാനിക്കൽ വിഭാഗം അധ്യാപകൻ അജിൻ ഏലിയാസ് അലക്‌സും, എൻ.എസ്.എസ് സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ക്യാമ്പ് നയിച്ചത്.

വൈദ്യുതി മുടങ്ങും

കാഞ്ഞാർ: കുടയത്തൂർ മുതൽ കാഞ്ഞാർ വരെ പുതുതായി 11 കെ.വി ലൈൻ വലിക്കുന്ന ജോലികൾ നടക്കുന്നതിനാൽ കുടയത്തൂർ കൃഷ്ണാ സോമിൽ ട്രാൻസ്‌ഫോർമർ ഏരിയായിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. കാഞ്ഞാർ എസ്.എൻ.ഡി.പി മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോർമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇന്റർവ്യൂ

മുട്ടം: ഗവ. പോളിടെക്‌നിക്ക് കോളജിനു കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജി.ഐ.എഫ്.ഡി സെന്ററിൽ ഇംഗ്ലീഷ് ആന്റ് വർക്ക്‌ഷോപ്പ് സ്‌കിൽസ് ഒന്നും രണ്ടും വർഷ ക്ലാസ് നടത്താൻ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. ആറിന് രാവിലെ 10നാണ് ഇന്റർവ്യൂ. എഫ്.ഡി.ജി.ടി ഇംഗ്ലീഷ് വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേഷനും സെറ്റുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അവയുടെ പകർപ്പും ബയോഡേറ്റയും സഹിതം കോളജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04862255083.

മണ്ണ് ദിനാചരണം ഇന്ന്

മൂലമറ്റം: ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 11ന് മൂലമറ്റം എസ്.എച്ച്.ഇ.എം.എച്ച്.എസിൽ ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി പഠന ക്ലാസ് നടത്തും. സോയിൽ സർവേ ഓഫീസർമാരായ നിത്യ ചന്ദ്ര, പി.വി. ആഷിത എന്നിവർ ക്ലാസ് നയിക്കും.