വെള്ളിയാമറ്റം: പഞ്ചായത്തിൽ വടക്കനാറിന് കുറുകെയുള്ള പുറത്തേക്കടവ് പാലം പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ പാക്കേജിൽ നിന്ന് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്- പന്നിമറ്റം റോഡിൽ തുടർച്ചയായുള്ള പ്രളയവും മലവെള്ളപ്പാച്ചിലും കാരണം തകർന്ന പാലത്തിന് പകരം ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഒരു കോടി 12 ലക്ഷം രൂപയുടെ പുതിയ പാലം നിർമ്മിക്കാൻ നൽകിയ നിവേദന സംഘത്തിന് ഉറപ്പു നൽകി സംസാരിക്കുകയായിരുന്നു എം.എൽ.എ. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷേർളി സിറിയക്, രേഖ പുഷ്പരാജ്, വി.കെ. കൃഷ്ണൻ, രാജി ചന്ദ്രശേഖരൻ, അഭിലാഷ് രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് നിവേദനം നൽകിയത്.