satheesan
ഡീൻ കുര്യാക്കോസ് എം.പി ചെറുതോണിയിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിച്ച് ജനങ്ങളെ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീൻ കുര്യാക്കോസ് എം.പി ചെറുതോണിയിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം നെഞ്ചേറ്റി മലയോര ജനത. ജില്ലാ ആസ്ഥാനത്തേക്ക് രാവിലെ മുതൽ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് സമരപരിപാടികൾക്ക് നേതൃത്വം നൽകിയതെങ്കിലും കക്ഷിരാഷ്ട്രീയത്തിന് അതീതമായ ജനപങ്കാളിത്തമാണ് സമരപ്പന്തലിൽ കാണാനായത്. ഇടുക്കി ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങൾക്കു പുറമേ കോതമംഗലം മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ സമരത്തിൽ പങ്കെടുക്കാനെത്തി. രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാറിലെ മരം മുറിക്കാൻ അനുമതി കൊടുത്തിട്ട്, ഞാനൊന്നുമറിഞ്ഞില്ലെന്ന് പൊട്ടൻ കളിക്കുന്ന മുഖ്യമന്ത്രിയും വനം- ജലവിഭവ വകുപ്പ് മന്ത്രിമാരും കേരളീയ സമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലുള്ള ഉന്നതതല ഗൂഢാലോചന അന്വേഷണ വിധേയമാക്കണം. ലോകത്ത് ഡീകമ്മീഷൻ ചെയ്യേണ്ട ചുരുക്കം ചില ഡാമുകളുടെ പട്ടികയിലുള്ളതാണ് മുല്ലപ്പെരിയാർ ഡാം. പുതിയ ഡാം നിർമിക്കണമെന്ന ആവശ്യത്തിൽ യു.ഡി.എഫ് ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, മാത്യു കുഴൽനാടൻ എം.എൽ.എ, ജോണി നെല്ലൂർ, കെ. ഫ്രാൻസിസ് ജോർജ്, ജെയ്‌സൺ ജോസഫ്, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി തോമസ്, എ.കെ. മണി, എം.എസ്. മുഹമ്മദ്, കെ.എ. കുര്യൻ, സുരേഷ് ബാബു, മൈദീൻ വാചാക്കൽ, രാജു ജോർജ്, മാത്യു സ്റ്റീഫൻ, ജി. ബേബി, സെബാസ്റ്റ്യൻ വിളക്കുന്നൻ, എം.ആർ. ഗോപി, എ.പി. ഉസ്മാൻ, എം.ഡി. അർജുനൻ തുടങ്ങിയവർ പ്രസംഗിച്ചു. എം.കെ. പുരുഷോത്തമൻ, ജോയ് കൊച്ചുരോട്ട്, എൻ.ഐ. ബെന്നി, പി.എം. സീതി, ഒ.ആർ ശശി, എം.വി. സൈനുദ്ദീൻ, ബെന്നി തുണ്ടത്തിൽ, എം.ജെ. കുര്യൻ, ആന്റണി ആലഞ്ചേരി, വർഗീസ് വെട്ടിയാങ്കൽ, ആഗസ്തി അഴകത്ത്, അനിൽ ആനിക്കാട്ട്, പി.ഡി. ജോസഫ്, റോയി കൊച്ചുപുര എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 10ന് കേരളാ കോൺഗസ് സംസ്ഥാന ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ഡീൻ കുര്യാക്കോസ് എം.പിയ്ക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കും.