satheeshan
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീൻ കുര്യാക്കോസ് എം.പി ചെറുതോണിയിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എത്തിയപ്പോൾ

ചെറുതോണി: മുല്ലപ്പെരിയാർ അണക്കെട്ട് ജലബോംബാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിൽ പറയാൻ എം.എം. മണിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീൻ കുര്യാക്കോസ് എം.പി ചെറുതോണിയിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാർ അണക്കെട്ടിൽ അപകടഭീഷണി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, മുല്ലപ്പെരിയാർ അണക്കെട്ടിനകം പൊള്ളയാണെന്നും ഏത് സമയത്തും തകർന്നുവീഴുമെന്നും പറയുന്ന എം.എം. മണി, ഈ ആശങ്ക പറയാൻ തിരുവനന്തപുരത്ത് എത്തുമ്പോൾ മറക്കും. മുല്ലപ്പെരിയാറിലെ മരം മുറിക്കാൻ അനുമതി നല്കിയ വിഷയത്തിൽ മുഖ്യമന്ത്രിയും വനം, ജലവിഭവ വകുപ്പ് മന്ത്രിമാരും കേരളീയ സമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിലാണ്. ഇക്കാര്യത്തിലുള്ള ഉന്നതതല ഗൂഢാലോചന അന്വേഷണ വിധേയമാക്കണം. ലോകത്ത് ഡീകമ്മിഷൻ ചെയ്യേണ്ട ചുരുക്കം ചില ഡാമുകളുടെ പട്ടികയിലുള്ളതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇവിടെ പുതിയ ഡാം നിർമിക്കണമെന്ന ആവശ്യത്തിൽ യു.ഡി.എഫ് ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.