തൊടുപുഴ: കസ്റ്റഡിയിലുള്ല പ്രതി ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടി പുഴയിൽ ചാടി മുങ്ങി മരിച്ച സംഭവത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.ഐ ഉൾപ്പടെ രണ്ട് പേർക്ക് സസ്‌പെൻഷൻ. എസ്.ഐ ഷാഹുൽ ഹമീദ്, ജി.ഡി ചാർജിലുണ്ടായിരുന്ന സി.പി.ഒ നിഷാദ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി സസ്‌പെൻഡ് ചെയ്തത്. സംഭവ സമയത്ത് തൊടുപുഴ സ്റ്റേഷന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഈ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. പയസ് ജോർജിന്റെ വകുപ്പുതലഅന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡിവൈ.എസ്.പി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.

കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫിയാണ് (29) വെള്ളിയാഴ്ച രാവിലെ തൊടുപുഴയാറ്റിൽ മുങ്ങി മരിച്ചത്. നഗരത്തിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഷാഫിയെ സെല്ലിലിട്ടെങ്കിലും വാതിൽ തുറന്ന് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു. പൊലീസുകാർ പിന്നാലെ എത്തിയെങ്കിലും പൊലീസ് ക്വാർട്ടേഴ്‌സിന് സമീപത്ത് നിന്ന് ഇയാൾ തൊടുപുഴയാറ്റിലേക്ക് ചാടി. പൊലീസ് പുഴയോരത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിത്. ഇൻക്വസ്റ്റിലും പോസ്റ്റ്‌മോർട്ടത്തിലും അസ്വാഭാവികതകളൊന്നുമില്ല. മുങ്ങിരണമാണെന്നും ശരീരത്തിൽ മുറിവുകളോ ക്ഷതങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.