 തൊടുപുഴ യൂണിയനിൽ വിപുലമായ പരിപാടികൾ

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി,​ എസ്.എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് ജില്ലയിലെ എല്ലാ യൂണിയനുകളിലും വിപുലമായ പ്രൗഢഗംഭീര ചടങ്ങുകൾ നടക്കും. ഇതിന്റെ ഭാഗമായി തൊടുപുഴ യൂണിയൻ ഇന്ന് ഉച്ചയ്ക്ക് 2.30ന് ഉടുമ്പന്നൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ 46 ശാഖകളിലെയും ശ്രീനാരായണീയർ പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്തും. ഇതോടൊപ്പം ചേർത്തലയിൽ നടക്കുന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ വിശിഷ്ട ചടങ്ങിന്റെ തത്സമയ സംപ്രേഷണവും ജനറൽ സെക്രട്ടറിയുടെ 25 വർഷത്തെ കർമ്മ പദ്ധതികളുടെ ഡോക്യുമെന്ററി പ്രദർശനവും നടക്കും. പൊതുസമ്മേളനം യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. വൈദിക യോഗം സംസ്ഥാന പ്രസി‌ഡന്റ് വൈക്കം ബെന്നി ശാന്തി ഭദ്രദീപപ്രകാശനം നിർവഹിക്കും. ഡയറക്ടർ ബോർഡ് മെമ്പർ ഷാജി കല്ലാറയിൽ മുഖ്യപ്രഭാഷണം നടത്തും. ശിവഗിരി മഠത്തിലെ മഹാദേവാനന്ദ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. കമ്മിറ്റി അംഗം സി.പി. സുദർശൻ,​ ഉടുമ്പന്നൂർ- കുളപ്പാറ സംയുക്ത സമിതി പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ,​ ഉടുമ്പന്നൂർ ശാഖാ പ്രസിഡന്റ് പി.ടി. ഷിബു,​ കുളപ്പാറ ശാഖാ പ്രസിഡന്റ് പി.പി. ബാബു,​ കരിണ്ണൂർ ശാഖാ സെക്രട്ടറി വി.എൻ. രാജപ്പൻ,​ എംപ്ലോയീസ് ഫോറം പ്രസിഡന്റ് അജിമോൻ സി.കെ,​ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഗിരിജാ ശിവൻ,​ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പി.ജെ. സന്തോഷ്,​ സൈബർ സേന ചെയർമാൻ ഡി. സിബി,​ വൈദികയോഗം തൊടുപുഴ യൂണിയൻ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ ശാന്തി എന്നിവർ സംസാരിക്കും. വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ് സ്വാഗതവും ഉടുമ്പന്നൂർ ശാഖാ സെക്രട്ടറി പി.കെ. രാമചന്ദ്രൻ നന്ദിയും പറയും.