 
 അവസാന ശ്വാസം വരെ പോരാടുമെന്ന് ഡീൻ കുര്യാക്കോസ് എം.പി
ചെറുതോണി: പ്രതിപക്ഷത്തായിരുന്നപ്പോൾ മുല്ലപ്പെരിയാർ ഡാം ജലബോംബാണെന്ന് പറഞ്ഞ സി.പി.എമ്മിന് നേതൃത്വം നൽകുന്ന പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഡാമിന് അപകട ഭീഷണിയില്ലെന്ന് പറയുന്ന എൽ.ഡി.എഫിന്റെ കാപട്യവും ജനവഞ്ചനയും മരംമുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയപ്പോൾ ജനം തിരിച്ചറിഞ്ഞെന്നും മുൻ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ഡാം സുരക്ഷാബിൽ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ പ്രയോജനപ്പെടുത്താൻ തയ്യാറാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ചെറുതോണിയിൽ മുല്ലപ്പെരിയാർ ഡാം പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് നടത്തിവന്ന 24 മണിക്കൂർ ഉപവാസത്തിന്റെ സമാപന സമ്മേളനം എം.പിയ്ക്ക് നാരങ്ങാനീര് നൽകി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലുൾപ്പെടെ 40 ലക്ഷത്തോളം ജീവനുകൾക്ക് വില പറയുന്ന ഭരണാധികാരികൾക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കേരള ജനതയുടെ ജീവനേക്കാൾ തമിഴ്‌നാടിന്റെ സമ്പത്തിലാണ് മുഖ്യമന്ത്രിയുടെ കണ്ണെന്ന് മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ അഡ്വ. എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ചെറുതോണി ടൗൺ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് മുഹ്‌സിൻ സഖാഫി മുൻ ദേവസം ബോർഡ് മെമ്പർ അനിൽ തറനിലം മർച്ചന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സണ്ണി പൈമ്പിള്ളി, മലനാട് കർഷക രക്ഷാസമിതി പ്രസിഡന്റ് പ്രൊഫ. ജോസുകുട്ടി ജെ. ഒഴുകയിൽ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തി. ഇ.എം. ആഗസ്റ്റി, ജോയി തോമസ്, എം.ജെ. ജേക്കബ്ബ്, മാർട്ടിൻ മാണി, എ.പി. ഉസ്മാൻ, ടി.എം. സലിം, എം.ഡി. ആർജുനൻ, ജോൺ നെടിയപാല, ഒ.ആർ. ശശി, എൻ.ഐ. ബെന്നി, വർഗീസ് വെട്ടിയാങ്കൽ, എം.കെ. നവാസ്, ഇന്ദു സുധാകരൻ, ആഗസ്തി അഴകത്ത്, ബിജോ മാണി, മോനിച്ചൻ എം, ജോസ് ഊരക്കാട്ട്, മുഖേഷ് മോഹനൻ , ജോയി കൊച്ചുകരോട്ട്, ജാഫർ ഖാൻ മുഖമുഖമ്മദ്, മനോജ് മുരളി, അനിൽ അനയ്ക്കനാട്ട്, ആരുൺ കെ.എസ്, ബീന ജോബി, പി.ഡി. ജോസഫ്, റോയി കൊച്ചുപുര, സി.പി. സലിം, ടി.ജെ. പീറ്റർ, അൽബർട്ട് ജോസ് എന്നിവർ സംസാരിച്ചു.