കട്ടപ്പന: കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മുഖേന 5 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 2006 ഫെബ്രുവരി 11 ന് പ്രവർത്തനമാരംഭിച്ച സബ്ഡിപ്പോ താത്കാലിക സൗകര്യങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കട്ടപ്പന- ബാംഗ്ലൂർ, കട്ടപ്പന- കമ്പം ഉൾപ്പെടെ മൂന്ന് അന്തർ സംസ്ഥാന സർവീസുകളടക്കം 40 സർവീസുകളാണ് പ്രതിദിനം നടത്തുന്നത്. 193 ജീവനക്കാരുള്ള സബ് ഡിപ്പോയിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതോടെ പരിഹരിക്കപ്പെടും. രണ്ട് നിലകളിലായി 18252 ചതുരശ്രയടിയുടെ കെട്ടിടസമുച്ചയത്തിൽ ഗ്യാരേജ് ബേ, റാമ്പ്, ടിക്കറ്റ് കൗണ്ടർ, എൻക്വയറി കൗണ്ടർ, പൊലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, യാത്രക്കാർക്കുള്ള വിശ്രമമുറികൾ, ജീവനക്കാർക്കുള്ള വിശ്രമ മുറികൾ, എ.ടി.എം കൗണ്ടർ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. ഡിപ്പോയ്ക്ക് അകത്ത് തന്നെ അവശ്യ സാധനങ്ങൾ ലഭ്യമാകത്തക്കവിധം അഞ്ച് കടമുറികളും നിർമ്മിച്ച് വാടകയ്ക്ക് നൽകും. 2018 ലെ പ്രളയത്തിൽ ഡിപ്പോയ്ക്ക് പിൻവശത്തുള്ള മൺതിട്ട ഇടിഞ്ഞ് അപകട ഭീഷണി ഉയർത്തിയിരുന്നു. ഇവിടെ സംരക്ഷണഭിത്തി നിർമ്മിച്ച് സുരക്ഷ ഉറപ്പാക്കും. പൊതുമാരാമത്ത് വകുപ്പ് മുഖേന സാങ്കേതിക അനുമതിയും ടെണ്ടർ നടപടികളും സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.