ഇടുക്കി: ജില്ലയിൽ ഇടമലക്കുടി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡുകളിലേക്ക് നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പൂർത്തിയായി. ഇടമലക്കുടി ഗ്രാമപഞ്ചായത്തിൽ (വാർഡ് 9 വടക്കേ ഇടലിപ്പാറക്കുടി) ഒരു ബൂത്തും രാജാക്കാട് ഗ്രാമപഞ്ചായത്തിൽ (വാർഡ് 9 കുരിശുംപടി) രണ്ട് ബൂത്തും ഉൾപ്പെടെ ആകെ മൂന്ന് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. വടക്കേ ഇടലിപ്പാറക്കുടിയുടെ വോട്ടെണ്ണൽ ദേവികുളം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ് കോൺഫറൻസ് ഹാളിലും കുരിശുംപടിയുടേത് രാജാക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും എട്ടിന് രാവിലെ 10 മുതൽ ആരംഭിക്കും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടമലക്കുടി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളിലെ വാർഡ് ഒമ്പതിന്റെ പരിധിയിൽ വരുന്ന സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലോക്കൽ ബോഡീസ്, സ്റ്റാറ്റിയൂട്ടറി ബോഡീസ്, കോർപ്പറേഷൻ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കൂടാതെ ഈ വാർഡുകളുടെ പരിധിയിൽ ഇന്ന് വൈകിട്ട് ആറ് മുതൽ വോട്ടെടുപ്പ് പൂർത്തിയാകുന്ന ഏഴിന് വൈകിട്ട് ആറ് വരെ 48 മണിക്കൂർ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.