road
ഇടവെട്ടി ഇ.എം.എസ് ഭവന് സമീപം റോഡിലേക്ക് വളർന്ന കാട്

ഇടവെട്ടി: തൊടുപുഴ- വെള്ളിയാമറ്റം റോഡിൽ ഇടവെട്ടി ഇ.എം.എസ് ഭവന് സമീപമുള്ള കൊടും വളവിൽ ഡ്രൈവിംഗും കാൽനടയാത്രയും കഠിനമാക്കി കാട് റോഡ് കൈയേറിയത് കാഴ്ച മറച്ചും കാൽ നടയാത്രക്കാർക്ക് അപകട ഭീഷണിയുമാകുന്നു. വീതിയില്ലാത്ത കൊടും വളവിൽ രണ്ട് വാഹനങ്ങൾ ഒരേ സമയം എതിർദിശകളിലൂടെ കടന്നു പോകാൻ ഏറെ ബുദ്ധിമുട്ടാണ്. ഈ ഭാഗം വീതി കൂട്ടണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണ്. വാഹനം വരുമ്പോൾ കാൽനട യാത്രക്കാർ ഏറെ പണിപ്പെട്ടാണ് അപകടമുണ്ടാകാതെ കടന്നുപോകുന്നത്. വഴിയരികിലെ കാടിൽ നിറയെ ഇഴജന്തുക്കളാണ്. ഏതാനും നാൾ മുമ്പ് രാവിലെ ജോലിക്ക് പോകുകയായിരുന്ന കടയിലെ ജീവനക്കാരന് വാഹനം വന്നപ്പോൾ പുൽപ്പടർപ്പിലേക്ക് ഒതുങ്ങി നിൽക്കുന്നതിനിടെ പാമ്പു കടിയേറ്റു. ഈ വഴിക്ക് ബദലായി വളവ് നിവർത്തിയുള്ള സമാന്തര പാത വെളളിയാമറ്റം റോഡ് വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയതാണ്. എന്നാൽ ചിലരുടെ സ്വാധീനത്താൽ പദ്ധതി ഫ്രീസറിലായി. 25 ബസുകളടക്കം നിരവധി വാഹനങ്ങൾ ഓടുന്ന തിരക്കേറിയ പാതയാണിത്. വെള്ളിയാമറ്റം, പന്നിമറ്റം, നാളിയാനി, പൂമാല, വെട്ടിമറ്റം, ചിലവ് എന്നിവിടങ്ങളിലേക്കുള്ള ഈ വഴിയിലൂടെ ഇടുക്കി റൂട്ടിലെ കുരുതിക്കളത്തേക്കും എളുപ്പത്തിൽ എത്താം.