കട്ടപ്പന: യു.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരസഭയിൽ നടത്തുന്ന അഴിമതികളും തമ്മിലടിയും വോട്ട് ചെയ്തവരോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല പറഞ്ഞു. നഗരസഭയിൽ ഭരണ സ്തംഭനവും ചേരിതിരിവ് മൂലം വികസന മുരടിപ്പാണെന്ന് ആരോപിച്ച്

ബി.ജെ.പിയുടെ കൗൺസിലറും മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റുമായ തങ്കച്ചൻ പുരയിടത്തിൽ നയിക്കുന്ന പ്രചരണ വാഹന ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൗൺസിൽ യോഗങ്ങൾ നിരന്തരം മാറ്റിവയ്ക്കുകയാണ് ഭരണ സമിതി. ഒരു വികസന പദ്ധതി പോലും ചർച്ച ചെയ്യാനും നടപ്പാക്കാനും സാധിക്കുന്നില്ല. കൗൺസിൽ ആരംഭിച്ചാൽ തമ്മിലടിക്കുന്ന ഭരണകക്ഷി കൗൺസിലർമാർ ഇപ്പോൾ സെക്രട്ടറിയ്ക്ക് നേരെയാണ് തിരിഞ്ഞിരിക്കുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. നഗരസഭയെ ആധുനിക വത്ക്കരിക്കുന്നതിനുള്ള വിവിധ കേന്ദ്ര പദ്ധതികൾ കട്ടപ്പനയിൽ കൊണ്ടുവരുന്നതിനും ഭരണകക്ഷി കൗൺസിലർമാർ വിമുഖത കാട്ടുകയാണെന്നും ഭരണ സ്തംഭനത്തിനെതിരെ കൂടുതൽ ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. പ്രചാരണ വാഹന ജാഥയുടെ ഒന്നാം ദിന സമാപന യോഗം പുളിയൻമലയിൽ ബി.ജെ.പി ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളിൽ ജാഥാ വൈസ് ക്യാപ്ടൻ മനോജ് പതാലിൽ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശ്, ബി.ജെ.പി മേഖലാ സെക്രട്ടറി ജെ. ജയകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ, നേതാക്കളായ രത്‌നമ്മ ഗോപിനാഥ്, കെ.എൻ. ഷാജി, സി.കെ. ശശി, ഷാജി നെല്ലിപറമ്പിൽ, അഭിലാഷ് കാലാച്ചിറ, പ്രസാദ് വിലങ്ങ്പാറ, പി.എൻ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ സമാപന യോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉൾപ്പടെയുള്ളവർ പങ്കെടുക്കും.