മറയൂർ: മറയൂർ ചന്ദന ഇ- ലേലം എട്ടിനും ഒമ്പതിനും നടക്കും. രണ്ട് ദിവസങ്ങളിൽ 4 ഘട്ടങ്ങളിലായി നടക്കുന്ന ചന്ദന ഇ- ലേലത്തിൽ 16 വിഭാഗങ്ങളിലായി 105.446 ടൺ ചന്ദനമാണ് ഒരുക്കിയിരിക്കുന്നത്. ലേലത്തിനായുള്ള ചന്ദനം ചെത്തി ഒരുക്കുന്ന ജോലി പൂർത്തീകരിച്ച് ലോട്ടുകളാക്കി മറയൂരിലെ ഗോഡൗണിലാക്കി. ഇ ലേലത്തിന്റെ ചുമതല കൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ്.ടി.സി കമ്പനിക്കാണ്. രജിസ്റ്റർ ചെയ്ത് ഇന്ത്യയിൽ എവിടെയിരുന്നു വേണമെങ്കിലും ലേലത്തിൽ പങ്കെടുക്കാം. ക്ഷേത്രങ്ങൾക്ക് കൂടുതൽ താത്പര്യമുള്ള ക്ലാസ് 6 വിഭാഗത്തിൽപ്പെടുന്ന ബഗ്രദാദ് ചന്ദനവും ഒരുക്കിയിട്ടുണ്ട്. പ്രകൃതിദത്തമായ മറയൂർ ചന്ദനത്തിന് ആവശ്യക്കാർ ഏറെയാണ്. കമ്പനികൾക്ക് ലേലത്തിൽ പിടിക്കാവുന്ന തരത്തിൽ 10 മുതൽ 200കിലോ ലോട്ടായും ക്ഷേത്രങ്ങൾക്ക് ഒന്ന് മുതൽ 10 കിലോ വരെയുള്ള ലോട്ടായുമാണ് ചന്ദനം തരംതിരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസം രണ്ടു ദിവസമായി നടന്ന ചന്ദന ലേലത്തിൽ ഏറ്റവും കുറഞ്ഞ വിൽപ്പനയായി ആകെ 1.98 കോടി രൂപയുടെ ചന്ദന ലേലമാണ് നടന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നടക്കുന്ന രണ്ടാമത്തെ ചന്ദനലേലമായിരുന്നു ഇത്. അന്ന് പ്രമുഖ കമ്പനികൾ ലേലത്തിൽ പങ്കെടുക്കാതിരുന്നതാണ് ലേല തുകയിൽ വൻകുറവ് വരാൻ കാരണമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കേരളത്തിൽ ഏക ചന്ദനലേല കേന്ദ്രമായ മറയൂരിൽ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയ ചന്ദനവും സൂക്ഷിക്കുന്നുണ്ട്. ഇത്തവണ കൂടുതൽ ചന്ദനം ലേലത്തിലൂടെ വിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റേഞ്ച് ഓഫീസർ എം.ജി. വിനോദ് കുമാർ പറഞ്ഞു.