കരിങ്കുന്നം: തൊടുപുഴ നഗരത്തിൽ നിന്ന് കഷ്ടിച്ച് പത്ത് കിലോമീറ്ററിൽ താഴെ ദൂരം മാത്രമാണ് കരിങ്കുന്നം തണ്ണീറ്റംപാറ കോളനിയിലേക്കുള്ളത്. എന്നാൽ ഈ 21-ാം നൂറ്റാണ്ടിലും കോളനിയിലെ 58 കുടുബങ്ങളിലെ കിടപ്പ് രോഗികളെയടക്കം തലച്ചുമടായെടുത്ത് നടന്ന് വാഹനമെത്തുന്ന സ്ഥലത്തെത്തിച്ച് വേണം ആശുപത്രിയിലെത്തിക്കാൻ. നടുങ്കണ്ടം അഴകുമ്പാറയ്ക്കടുത്തുള്ള കോളനിയിൽ നിന്ന് പുറത്തുകടക്കാൻ വർഷങ്ങളായി രണ്ടരയടി വീതിയുള്ള തൊണ്ട് മാത്രമാണുള്ലത്. 250 നീളം ദൂരം ഈ ചെങ്കുത്തായ ഇടുങ്ങിയ തൊണ്ടിലൂടെ രോഗിയെ ചുമന്നെത്തിക്കുക അതിസാഹസികമാണ്.

മൂന്നാഴ്ച മുമ്പുണ്ടായ വീഴ്ചയിൽ കാൽമുട്ടിന്റെ ചിരട്ടപൊട്ടി കിടപ്പിലായ അന്ധയായ വൃദ്ധ തണ്ണീറ്റംപാറ കോളനിയിൽ പ്രസന്ന രാമൻകുട്ടി (60) ഇത്തരത്തിൽ ആശുപത്രിയിൽ പോകാനാകാതെ ദിവസങ്ങളായി കഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട മനുഷ്യാവകാശ കമ്മിഷൻ, വയോധികയെ ജില്ലാ സാമൂഹിക നീതി ഓഫീസർ ഏറ്റവുമടുത്ത ദിവസം സന്ദർശിച്ച് സ്ഥിതിഗതികൾ മനസിലാക്കി അവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നേടുന്നതിനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സാമൂഹിക നീതി ഓഫീസർ നൽകിയ കത്ത് പ്രകാരം ഇന്നലെ തൊടുപുഴ ഫയർ ആന്റ് റസ്ക്യൂ വിഭാഗം സ്ഥലത്തെത്തി വൃദ്ധയെ സ്ട്രെച്ചറിൽ ചുമന്ന് പുറത്തെത്തിച്ച ശേഷം ആംബുലൻസിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഫയർ ആന്റ് റസ്ക്യൂ ആഫീസർമാരായ രഞ്ജി കൃഷ്ണൻ, നിതീഷ്, സുനിൽ എം. കേശവൻ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. വൃദ്ധയ്ക്ക് ചികിത്സ ഉറപ്പാക്കിയ ശേഷം 27നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. കേസ് 30ന് വീണ്ടും പരിഗണിക്കും.

പ്രസന്നയെ പോലെ നിരവധി കിടപ്പുരോഗികളും ഭിന്നശേഷിക്കാരും ഗർഭിണികളുമെല്ലാം ഈ കോളനിയിൽ നിന്ന് അത്യാവശ്യഘട്ടങ്ങളിൽ പുറത്തുകടക്കാനാകാതെ കഷ്ടപ്പെടുന്നുണ്ട്. ഭൂരിഭാഗവും നിർദ്ധന കുടുംബങ്ങളായതിനാൽ സർക്കാർ അധികൃതരും ഇവരെ തിരിഞ്ഞുനോക്കാറില്ല. വഴിയില്ലാത്തതിനാൽ നല്ലൊരു വീട് വയ്ക്കാൻ പോലും ഇവർക്ക് സാധിക്കുന്നില്ല. ലൈഫ് മിഷനടക്കം വീട് വയ്ക്കാൻ സഹായം കിട്ടാൻ അർഹതയുള്ലവരേറെയുണ്ടെങ്കിലും അനുവദിക്കുന്ന തുക സാധനങ്ങൾ പണി സ്ഥലത്തേക്കെത്തിക്കാനുള്ല ചുമട്ട് കൂലിയായി മാത്രം ചെലവാകുമെന്നാണ് കോളനിവാസികൾ പറയുന്നത്. അതിനാൽ പലരും രണ്ടും മൂന്നും സെന്റ് സ്ഥലത്ത് ഷെഡ് കെട്ടിയാണ് ജീവിക്കുന്നത്.

പോംവഴി ഇതുമാത്രം

നിലവിലുള്ള തൊണ്ടിന് ഇരുവശവും രണ്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളാണ്. ഇവർ രണ്ടടി വീതം സ്ഥലം വിട്ടുനൽകാൻ തയ്യാറായാൽ സുഖമായി കാറടക്കമുള്ള വാഹനങ്ങൾ കയറ്റാനാകും. ഇരുവശങ്ങളിലെയും വീതിയേറിയ കയ്യാല പൊളിച്ചാൽ തന്നെയും ഒരുവിധം സ്ഥലം ലഭിക്കുമെന്ന് കോളനിവാസികൾ പറയുന്നു. ഇതിനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.

'കോളനിയിലെ 58 കുടുംബങ്ങളുടെ കഷ്ടപ്പാട് തുടങ്ങിയിട്ട് വർഷങ്ങളായി. കിടപ്പുരോഗികളെ ആശുപത്രിയിലെത്തിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഇവരുടെ വഴിയെന്ന ആവശ്യം നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് തങ്ങൾ. സമീപത്തെ സ്ഥലമുടകൾ ഭൂമി വിട്ടുനൽകിയാൽ റോഡ് കോൺക്രീറ്റ് ചെയ്ത് നൽകാം."

-സെലിൻ സുനിൽ (കരിങ്കുന്നം പഞ്ചായത്ത് മെമ്പർ)