തൊടുപുഴ: ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനെതിരെ എം.എം. മണി നടത്തിയ പ്രസ്താവന 1,​ 2,​ 3 മോഡൽ വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. ഇടുക്കി രൂപതാ ബിഷപ്പ് എന്ത് പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം മാർക്‌സിസ്റ്റ് പാർട്ടിക്കോ എം.എം. മണിക്കോ ഇല്ല. ബിഷപ്പിന് നാടിന്റെ ആശങ്കയ്‌ക്കൊപ്പം നിൽക്കാനും അഭിപ്രായം പറയാനും എം.എം. മണിയുടെ അനുവാദത്തിന്റെ ആവശ്യമില്ല. കാര്യങ്ങൾ പഠിക്കാതെയുള്ള ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനക്ക് വലിയ വില നൽകേണ്ടിവരുമെന്ന എം.എം. മണിയുടെ പ്രഖ്യാപനം സഭാ മേധാവിയോടുള്ള വെല്ലുവിളിയാണ്. മുല്ലപ്പെരിയാർ ഡാമിന് ഒരു കുഴപ്പവുമില്ലെന്ന് പ്രഖ്യാപിച്ച പിണറായി വിജയനെ നേരിൽ കണ്ട് മുല്ലപ്പെരിയാർ ഡാം ജലബോംബാണെന്ന് സ്വന്തം അഭിപ്രായം ബോധ്യപ്പെടുത്തിയിട്ട് മതി ഇടുക്കി ബിഷപ്പിനെ തിരുത്താൻ. ചെറുതോണിയിൽ ഡീൻ കുര്യാക്കോസ് എം.പി. നടത്തിയ ഉപവാസ പന്തലിൽ അഭിവാദ്യം അർപ്പിക്കുവാൻ ഇടുക്കി രൂപതാ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ എത്തിയത് നാടിന്റെ പൊതുവികാരത്തിനൊപ്പം നിൽക്കാനാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ മന്ത്രിമാർ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ പറയുകയും മുഖ്യമന്ത്രി മൗനം അവലംബിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. തമിഴ്‌നാട് സർക്കാർ ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില പോലും കൽപ്പിക്കാതെ പാതിരാത്രിയിൽ ഷട്ടറുകൾ തുറന്ന് വിടുന്ന സാഹചര്യത്തിലാണ് ഇടുക്കി ബിഷപ്പ് ജനപക്ഷത്തുനിന്ന് നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിലെ പൊതുകാര്യങ്ങളെക്കുറിച്ച് ബിഷപ്പുമാർ അഭിപ്രായം പറയരുതെന്ന നിലപാട് ആർക്കും ഭൂഷണമല്ല. എം.എം. മണി മന്ത്രിയായിരിക്കെ 30 ൽപ്പരം ഡാമുകൾ ഒരു ആലോചനയുമില്ലാതെ തുറന്ന് വിട്ട് നിരവധി മനുഷ്യജീവനകളും സ്വത്തുക്കളും നഷ്ടമാക്കിയത് കേരളം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.