antony
പി.സ.ആൻറണി തൻെറ കൃഷിത്തോട്ടത്തിൽ

തൊടുപുഴ: അതിരാവിലെ ആലക്കോട് മേഖലയിലെ പത്രവിതരണം പൂർത്തിയാക്കി നേരെ കൃഷിയിടത്തിലേക്ക് ഇറങ്ങും ആന്റണി. പിന്നെ സന്ധ്യ മയങ്ങുവോളം മണ്ണിൽ തന്നെ. ആലക്കോട്ടിലെ പത്ര ഏജന്റായ പള്ളത്ത് ആന്റണി ഇന്ന് ജില്ലയിലെ തന്നെ മികച്ച ജൈവ കർഷകരിലൊരാളാണ്. 30 വർഷത്തിലേറെയായി ആന്റണി കൃഷി തുടങ്ങിയിട്ട്. സഹോദരങ്ങളൊക്കെ മറ്റ് ജോലികൾക്കായി പലയിടങ്ങളിലേക്ക് ചേക്കേറിയപ്പോൾ അപ്പനും അമ്മയും ആന്റണിയുടെ സംരക്ഷണയിലായി. അങ്ങനെ തറവാട്ടിൽ നിന്ന് കൃഷിയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ആദ്യനാളുകളിൽ റബ്ബറും തെങ്ങും മാത്രം. പിന്നീട് സമ്മിശ്ര കൃഷിയിലേക്ക് തിരിഞ്ഞു. ഇപ്പോൾ പച്ചക്കറികൾ, ഔഷധ ചെടികൾ, തേനീച്ച, ആട്, മീൻ, അലങ്കാര പക്ഷി, കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ, കമുക്, ജാതി തുടങ്ങി ഈ 65 കാരൻ കൃഷി ചെയ്യാത്തതായി ഒന്നുമില്ല. സ്വന്തമായുള്ള മൂന്ന് ഏക്കറിലും പാട്ടത്തിനെടുത്ത ആറ് ഏക്കർ സ്ഥലത്തുമാണ് ആന്റണി കൃഷി ചെയ്യുന്നത്. പയർ, വെണ്ടയ്ക്ക, പാവൽ, ചതുരപയർ, നിത്യവഴുതന, അമര, വെള്ളരി തുടങ്ങിയവയും ചെന്നീർ കിഴങ്ങ്, കറ്റാർവാഴ, ചിറ്റരത്ത തുടങ്ങിയ ഔഷധ കൃഷിയും ആന്റണിക്കുണ്ട്. മുപ്പതോളം ചെറുതേൻ വൻതേൻ പെട്ടികളുണ്ട്. നിരവധി മലബാറി ഇനത്തിലുള്ള ആടുകളുണ്ട്. രണ്ട് കുളങ്ങളിലായി ഗൗര, തിലോപ്പിയ എന്നീ മീനുകളെയും വളർത്തുന്നു. 150 കമുകിലായി കുരുമുളക് കൊടിയും 60 വീതം തെങ്ങും ജാതിയുമുണ്ട്. 300 റബർ മരങ്ങൾ വെട്ടി പാല് എടുക്കുന്നതു ആന്റണി തന്നെയാണ്. വിവിധ ഓർക്കിഡുകളും ലൗബേർഡ്‌സും വളർത്തുന്നു. ആലക്കോട് ഇൻഫന്റ് ജീസസ് സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായി വിരമിച്ച പള്ളത്ത് ചാക്കോ സാറിന്റെ ഈ മകനെ തേടി നിരവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. സാലി ആന്റണിയാണ് ഭാര്യ. ജോസ് ആന്റണി, സന്ദീപ് ആന്റണി എന്നിവർ മക്കളാണ്. അവരുടെ ഭാര്യമാരും കൃഷിക്ക് പൂർണ പിന്തുണ നൽകി വരുന്നുണ്ട്.