വെള്ളിയാമറ്റം: പിതാവ് മരിച്ചതിനെ തുടർന്ന് കുടുംബത്തിന്റെ ഉപജീവനമാർഗമായിരുന്ന ക്ഷീരകൃഷി ഏറ്റെടുത്ത കുട്ടികർഷകനായ വെള്ളിയാമറ്റം സ്വദേശി മാത്യു ബെന്നിയുടെ ജീവിതം പാൽ പുഞ്ചിരിയിലേക്ക്. കൗമുദി ചാനലിലൂടെ മാത്യുവിന്റെ കഥ ലോകം അറിഞ്ഞതോടെ പിന്തുണയുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി സംഘടനകളാണ് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. മാത്യുവിനെ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നേരിട്ട് വിളിച്ച് അനുമോദിച്ച് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇതനുസരിച്ച് ക്ഷീര വകുപ്പ് വിവിധ ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്. ആധുനിക രീതിയിലുള്ള കാലിത്തൊഴുത്ത് നിർമ്മിക്കാൻ ഒന്നര ലക്ഷം രൂപയാണ് മിൽമ അനുവദിച്ചത്. പഞ്ചായത്തും റോട്ടറി ക്ലബ്ബും സഹകരണ സ്ഥാപനങ്ങളും മാത്യുവിനെ ആദരിച്ചു.

ഇന്നലെ പി.ജെ. ജോസഫ് എം.എൽ.എ മാത്യുവിന്റെ വീട്ടിലെത്തി ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ഉപഹാരം നൽകി അനുമോദിച്ചു. ആകസ്മികമായ പിതാവിന്റെ വേർപാട് തളർത്താത്ത വെള്ളിയാമറ്റം സ്വദേശി കിഴക്കേപ്പറമ്പിൽ മാത്യു ബെന്നി പുതുതലമുറയ്ക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ക്ഷീരകർഷകനായി മാറിക്കഴിഞ്ഞ 13 വയസുകാരനും എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ മാത്യു ബെന്നിയുടെ ആത്മാർത്ഥതയും ധീരതയും പ്രശംസനീയവും മാതൃകാപരവുമാണ്. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ എല്ലാ സഹായവും വാഗ്ദാനം നൽകിയ ചെയർമാൻ കൂടിയായ ജോസഫ് പശുക്കൾക്ക് കാലിത്തീറ്റയും സമ്മാനിച്ചാണ് മടങ്ങിയത്. എം.എൽ.എയ്ക്കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോനിച്ചൻ, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.കെ. കൃഷ്ണൻ, ഷേർളി സിറിയക്ക്, രാജി ചന്ദ്രശേഖരൻ, രേഖ പുഷ്പരാജ്, ജോമോൻ കുളമാക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. കൗമുദി ചാനലിനോട് പ്രത്യേക നന്ദിയും മാത്യു പറഞ്ഞു.