തൊടുപുഴ: കേന്ദ്ര -സംസ്ഥാന സർക്കാരുകളിലൂടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയും അനേകം വികസന -ക്ഷേമ പ്രവർത്തികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും 'നാക്കയം' നിവാസികൾക്ക് അതെല്ലാം അന്യമാണ്. വണ്ണപ്പുറം- കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ കുടിയേറ്റം ആരംഭിച്ചിട്ട് അരപതിറ്റാണ്ട് പിന്നിട്ടിട്ടും ഇവിടത്തുകാർക്ക് വികസനം സ്വപ്‌നങ്ങളില്‍ മാത്രമാവുകയാണ്. നൂറോളം കുടുംബക്കാർ താമസിക്കുന്ന പ്രദേശമാണ് നാക്കയം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടർന്ന് ഇവിടെ നിന്ന് ആളുകൾ കുടുംബ സമേതം താമസം മാറുകയാണ്. പഠന സൗകര്യം ഇല്ലാതെ കഷ്ടപ്പെടുന്ന സ്കൂൾ- കോളേജ് വിദ്യാര്‍ത്ഥികള്‍, രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ റോഡും വാഹന സൗകര്യങ്ങളും ഇല്ലാത്തത്, ഫോണിന് റേഞ്ചില്ലാത്തത്, വിവിധ സർക്കാർ- പൊതു സ്ഥാപനങ്ങളിലേക്ക് എത്താൻ വനങ്ങളിലൂടെയും മറ്റും കിലോ മീറ്ററുകളോളമുള്ള കാൽനട യാത്ര, ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയാലും അധികൃതർ തിരിഞ്ഞ് നോക്കാത്ത അവസ്ഥ, തുടർച്ചയായി മഴ പെയ്‌താൽ ഒറ്റപ്പെടുന്ന പ്രദേശം... ഇതെല്ലാം നാക്കയം പ്രദേശത്തിന്റെ പതിവ് കാഴ്ചകളാണ്. രണ്ടര കിലോ മീറ്റർ റോഡ് നിർമ്മിച്ചാൽ നാക്കയം പ്രദേശത്തേക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകും. എന്നാൽ ഏറെ വർഷങ്ങളായിട്ട് റോഡ് നിർമ്മാണം സംബന്ധിച്ച് ഒരു പ്രവർത്തിയും നടക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

പ്രശസ്ത വിനോദസഞ്ചാരകേന്ദ്രം

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് നാക്കയം. വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ അതിർത്തിയിൽ നാലു കയങ്ങൾ കൂടുന്ന നാക്കയം വെള്ളച്ചാട്ടം പ്രസിദ്ധമാണ്. പ്രധാന കയത്തിനു താഴെ മുത്തിമുക്ക് വെള്ളച്ചാട്ടവും മുത്തിമുക്കു ഗുഹയും കാണാം. അതിനു താഴെ നാലാമതാണ് ചെകുത്താൻ കയം. ഇവിടിരുന്നാൽ വിസ്മയ കാഴ്ചകൾ കാണാം. വിദൂര സ്ഥലങ്ങളിൽ നിന്ന് നിത്യവും അനേകം വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നതും. എന്നാൽ പ്രദേശത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണനയിലും ഇന്നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞാൽ നാക്കയവും ടൂറിസം മാപ്പിൽ ഇടം പിടിക്കും. ഇതിന് വേണ്ടി എം.എൽ.എ, എം.പി, ത്രിതല പഞ്ചായത്തുകൾ ഇടപെട്ട് പദ്ധതികൾ ആവിഷ്‌കരിക്കണമെന്നാണ് ജനത്തിന്റെ ആവശ്യം.