തൊടുപുഴ: നഗരസഭയുടെ മാസ്റ്റർപ്ലാൻ അന്തിമ വിജ്ഞാപനം വരുംവരെ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലേക്ക്. മാസ്റ്റർ പ്ലാൻ മരവിപ്പിക്കേണ്ടെന്ന തീരുമാനം ഇത് മൂലം ദുരിതമനുഭവിക്കേണ്ടി വരുന്ന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 11ന്‌ വൈകിട്ട് നാലിന് തൊടുപുഴ മുനിസിപ്പൽ മൈതാനത്ത് സമരപ്രഖ്യാപന കൺവെൻഷൻ ചേരും. ഇതിന് മുന്നോടിയായി കോലാനി, വെങ്ങല്ലൂർ, കുമ്മൻകല്ല്, മുതലക്കോടം എന്നിവിടങ്ങളിൽ മേഖല യോഗങ്ങൾ ചേരും. മാസ്റ്റർപ്ലാൻ സ്റ്റേ ചെയ്യുന്നത് വരെ സമരം തുടരുമെന്നും നേതാക്കൾ പറഞ്ഞു. എല്ലാ സംസ്ഥാന ഹൈവേകൾക്കും ബൈപാസുകൾക്കും മാസ്റ്റർപ്ലാൻ നിർദ്ദേശിക്കുന്നത് 24 മീറ്റർ വീതിയാണ്. ഇതിന് പുറമെ പുഴയിൽ നിന്ന് എട്ട് മീറ്റർ ഒഴിവാക്കിയിടണം. ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള 30 റോഡുകൾ 12 മുതൽ 24 മീറ്റർ വരെ വീതിയിൽ നിർമിക്കാനാണ് നിർദേശം. പ്രാഥമിക വിജ്ഞാപനം വന്നതോടെ പദ്ധതി പ്രദേശങ്ങളിലെ ഭൂമി മരവിപ്പിച്ചതിനാൽ വിൽക്കാനോ പണയപ്പെടുത്താനോ സാധ്യമല്ല. മാസ്റ്റർപ്ലാനിലെ നിർദേശങ്ങൾക്ക് അനുസരിച്ച് തൊടുപുഴ നഗരത്തിലെ റോഡുകൾ വീതി കൂട്ടിയാൽ 2500ലധികം കച്ചവടക്കാരെ ബാധിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. എം.എ ഷുക്കൂർ, യു.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. എം.ജെ ജേക്കബ്, നിയോജക മണ്ഡലം കൺവീനർ എൻ.ഐ. ബെന്നി, ജോസി ജേക്കബ് എന്നിവർ പങ്കെടുത്തു.