പീരുമേട്: വണ്ടിപെരിയാറിലെ നൂറടി പാലം, ശാന്തി പാലം എന്നിവയുടെ പുനർ നിർമാണം ആരംഭിച്ചു. 2018ലും 2019ലും തുടർച്ചയായുണ്ടായ പ്രളയത്തിൽ പാലങ്ങൾ പൂർണമായും തകർന്നു പോയിരുന്നു. തുടർന്നു കുട്ടികൾക്ക് സ്‌കൂളുകളിൽ എത്താൻ സാധിക്കാതെ വന്നു. വിഷയം ചൂണ്ടി കാണിച്ചു ബാലാവകാശ കമ്മിഷനു മുമ്പാകെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാട സാമി സമർപ്പിച്ച പരാതിയിനെ തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ. കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്തു ചീഫ് എൻജിനിയർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നൂറടി പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നെന്നും ശാന്തി പാലത്തിന്റെ നിർമാണത്തിനായി ബഡ്ജറ്റിൽ തുക വകയിരുത്തി പ്രാരംഭ നടപടികൾ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.