മുട്ടം: ഐ.എസ്.ഒ പദവി ലഭിച്ച മുട്ടം പൊലീസ് സ്റ്റേഷന് ഔദ്യോഗികമായി സർട്ടിഫിക്കറ്റ് കൈമാറി. സ്റ്റേഷൻ പരിസരത്ത് ചേർന്ന യോഗത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കൈമാറിയത്. ഐ.എസ്.ഒ പദവി ലഭിച്ച ജില്ലയിലെ ആദ്യ പൊലീസ് സ്റ്റേഷൻ എന്ന പദവിയും ഇതോടെ മുട്ടം സ്റ്റേഷന് ലഭിച്ചു. സ്റ്റേഷനിൽ നിന്ന് പൊതു ജനങ്ങൾക്ക് ലഭ്യമാക്കുന്ന ഏറ്റവും മികച്ച സേവനങ്ങൾ മുൻനിറുത്തിയാണ് ഐ.എസ്.ഒ പദവിയുടെ ഗ്രേഡിലേക്ക് ഉയർന്നത്. ഇതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളും പരിഷ്കാരങ്ങളുമാണ് സ്റ്റേഷനിൽ നടപ്പാക്കിയത്. ഫലപ്രദമായ രീതിയിൽ കുറ്റകൃത്യം തടയുന്നതിനുള്ള പ്രവർത്തനങ്ങളും കുറ്റാന്വേഷണവും നടത്തി ക്രമസമാധാനപാലനം നടത്തുന്നതിലൂടെ പൊതുജന സമാധാനം ഉറപ്പുവരുത്തലാണ് ഇതിൽ ഏറ്റവും പ്രധാനം. മികച്ച സേവനം നൽകുന്നതിനായി നിരവധി സൗകര്യങ്ങളും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി, തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ, സി.ഐ വി. ശിവകുമാർ, ഐ.എസ്.ഒ പ്രതിനിധി ശ്രീകുമാർ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ, എസ്.ഐ പി.കെ. ഷാജഹാൻ, വാർഡ് മെമ്പർ അരുൺ ചെറിയാൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.കെ. ബൈജു, കെ.പി.എ ജില്ലാ സെക്രട്ടറി മനോജ്‌ കുമാർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.