തൊടുപുഴ: ആറുവയസുകാരിയെ പീഡിപ്പിച്ച യുവാവിന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളിയാമറ്റം വില്ലേജിൽ ഇളംദേശം വാണിയപ്പുരയ്ക്കൽ അജിനാസിനെയാണ് (24) തൊടുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്. 2015 മേയ് 16നായിരുന്നു കേസിനാസ്പദമായ സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി വീടിന്റെ കിടപ്പുമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് കഴുത്തിൽ കത്തി വച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയെ പീഡനത്തിന് ഇരയാക്കിയതിന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയ്ക്കും വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം ആറ് മാസം കഠിന തടവ് അനുഭവിക്കണം. മരണഭയം ഉളവാക്കുന്നതരത്തിൽ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം കഠിനതടവും അയ്യായിരം രൂപ പിഴയും കോടതി വിധിച്ചു. കുട്ടിയെ കൈകൊണ്ട് അടിച്ച് വേദനിപ്പിച്ചതിന് ഏഴ് ദിവസം കഠിന തടവുകൂടി അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പീഡനത്തിനിരയായ കുട്ടിക്കുണ്ടായ മാനസിക ആഘാതത്തിനും പുനരധിവാസത്തിനുമായി നാല് ലക്ഷം രൂപ നഷ്ടപരിഹാരം കുട്ടിക്ക് ലഭ്യമാക്കാൻ തൊടുപുഴ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി കോടതി നിർദ്ദേശം നൽകി. വിധിപ്പകർപ്പ് ലഭിച്ച് 30 ദിവസത്തിനകം നഷ്ടപരിഹാരതുക ലഭ്യമാക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും കോടതിവിധി ന്യായത്തിൽ നിർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.