തൊടുപുഴ: ബസ് കണ്ടക്ടറെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. തൊടുപുഴ ചിലവ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ കുമ്മംകല്ല് സ്വദേശി സനൂപിനാണ് (19) കുത്തേറ്റത്. തിങ്കളാഴ്ച വൈകിട്ട് മങ്ങാട്ടുകവലയിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് ബസിൽ കയറിയ യുവാവാണ് യാത്രക്കാരുടെ ഇടയിൽ വെച്ച് കണ്ടക്ടറെ കത്തികൊണ്ട് കുത്തിയത്. ആദ്യം അടിവയറ്റിൽ കുത്തിയ ശേഷം വീണ്ടും ആക്രമണത്തിനൊരുങ്ങുമ്പോൾ കണ്ടക്ടർ തടഞ്ഞു. യാത്രക്കാർ ബഹളം വെച്ചതോടെ അക്രമി ഇറങ്ങി ഓടുകയായിരുന്നു. പരിക്കേറ്റ സനൂപിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ യുവാക്കളടക്കമുള്ള ഒരു സംഘം നിരോധിത പുകയില വസ്തുക്കൾ സംഘടിപ്പിച്ച് തരണമെന്ന് പറഞ്ഞതായി ബസ് ജീവനക്കാർ പറയുന്നു. ഞങ്ങൾക്ക് അതിന്റെ ഇടപാടില്ലെന്ന് പറഞ്ഞ് ബസിൽ നിന്ന് ഇവരെ ഇറക്കി വിടുകയും ചെയ്തു. ഇതിൽ പ്രകോപിതരായി സംഘത്തിലുള്ളവരാണ് കുത്തി പരിക്കേൽപിച്ചതെന്ന് ജീവനക്കാർ പറയുന്നു. സംഭവത്തിൽ കണ്ടക്ടറുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.