ഇടുക്കി: ആരോടോ വാശി തീർക്കാനെന്ന പോലെ തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ട് അടയ്ക്കുന്നതും തുറക്കുന്നതും നിർബാധം തുടരുമ്പോൾ നിസഹായരായി മാറുകയാണ് പെരിയാർ തീരദേശവാസികൾ. തിങ്കളാഴ്ച രാത്രി എട്ടരയോടെ ഒമ്പത് സ്പിൽവേ ഷട്ടറുകൾ 120 സെന്റി മീറ്ററുകൾ വീതം ഉയർത്തി 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയപ്പോൾ പെരിയാർ തീരത്തെ അമ്പതോളം വീടുകളാണ് വെള്ളത്തിലായത്. 2018ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയുമധികം വെള്ളം മുല്ലപ്പെരിയാറിൽ നിന്ന് ഒഴുക്കിയത്. രാത്രി ഒമ്പതരയോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തിന്റെ കൈവരികൾക്കിടയിലൂടെ വെള്ളം ഒഴുകി. പെരിയാർ തീരത്തെ കടച്ചികാട് ആറ്റോരം, വികാസ് നഗർ, വള്ളക്കടവ്, കറുപ്പുപാലം മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. എന്നാൽ, രാത്രി പത്തോടെ മൂന്ന് സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് അടച്ചു. തുടർന്നും ആറ് ഷട്ടറുകളിലൂടെ 8380 ഘനയടി വെള്ളം ഒഴുകി. രാത്രി ഒമ്പതേമുക്കാലോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്തെത്തി സ്ഥതിഗതികൾ വിലയിരുത്തി. രാവിലെയോടെ ഒന്ന് ഒഴികെ മറ്റെല്ലാ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. പിന്നാലെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.
ഈ സമയമത്രയും മഴയും തണുപ്പും സഹിച്ച് വന്യമൃഗങ്ങളെ പേടിച്ച് പാറപ്പുറത്തും തേയിലക്കാട്ടിലുമാണ് കുടുംബങ്ങൾ കഴിച്ച് കൂട്ടിയത്. അതേ സമയം രാത്രിയിൽ തുറന്ന ഷട്ടറുകൾ പുലർച്ചെയോടെ അടച്ചു. 2.30ന് ഒരു ഷട്ടർ 10 സെ.മീ. മാത്രമാക്കിയാണ് കുറച്ചത്. പിന്നീട് ജലനിരപ്പ് നേരിയ തോതിൽ കൂടിയെങ്കിലും തമിഴ്‌നാട് ഇത് വകവെച്ചില്ല. ഇന്നലെ വൈകിട്ട് 3.30നും അഞ്ചിനുമായി നാല് ഷട്ടറുകൾ കൂടി തുറന്നു. 2100 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. 141.90 അടിയാണ് ജലനിരപ്പ്. അണക്കെട്ടിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് അനുസരിച്ചാണ് തമിഴ്‌നാട് കൊണ്ടുപോകുന്നതും തുറന്ന് വിടുന്നതുമായ ജലത്തിന്റെ അളവ് ക്രമീകരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് തിങ്കളാഴ്ച വൈകിട്ട് ഒരു മണിക്കൂറിനിടെ ലഭിച്ചത് ഏഴ് സെന്റി മീറ്റർ മഴയാണ്. തുടർന്ന് ഷട്ടർ തുറന്നതോടെ 23ദശലക്ഷം ഘനയടി വെള്ളമാണ് ഇടുക്കി സംഭരണിയിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് ഒഴുകിയെത്തിയത്.
പ്രതിഷേധം അറിയിച്ചു: മന്ത്രി റോഷി
മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വീണ്ടും വീണ്ടും രാത്രിയിൽ വെള്ളം തുറന്നുവിടുകയാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഇത് വേദനാജനകമാണ്. പകൽ തുറന്നുവിടാൻ സൗകര്യമുണ്ടായിട്ടും രാത്രിയിൽ വൻതോതിൽ വെള്ളം തുറന്നുവിടുകയാണ്. ഇത് ജനാധിപത്യ നടപടികൾക്ക് വിരുദ്ധമാണ്. കേരളത്തിന്റെ പ്രതിഷേധം മേൽനോട്ടസമിതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയെയും വിവരം അറിയിക്കും. കേരളത്തിന്റെ പ്രതിഷേധം തമിഴ്‌നാട് ചീഫ് സെക്രട്ടറിയെയും ചീഫ് എൻജിനീയറെയും അറിയിച്ചിട്ടുണ്ട്.
കത്തിനും വിലയില്ല
രാത്രിയിൽ വെള്ളം തുറന്നുവിടരുതെന്ന് കാട്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചിരുന്നു. എന്നിട്ടും യാതൊരു പരിഗണനയും തമിഴ്‌നാട് നൽകുന്നില്ലെന്നതിന്റെ തെളിവാണ് തുടർച്ചയായി പുലർച്ചെ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നതിലൂടെ വ്യക്തമാകുന്നത്. വണ്ടിപ്പെരിയാർ മേഖലയിൽ തമിഴ്‌നാടിന്റെ രാത്രികാല സ്പിൽവേ ഷട്ടർ ഉയർത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
മുന്നറിയിപ്പ് വീണ്ടും വൈകി
പെരിയാർ തീരത്തോടുചേർന്ന് കിടക്കുന്നവരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇത്രയേറെ വെള്ളം തുറന്നുവിടുമെന്ന വിവരം വളരെ വൈകിയാണ് തമിഴ്‌നാട്, ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. റവന്യൂ അധികൃതരും പഞ്ചായത്തും അതിനാൽ വിവരമറിയാൻ വൈകി. മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനാൽ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും പലപ്പോഴുമാകുന്നില്ല. അതിനാൽ തന്നെ തീരവാസികളെ മാറ്റിപ്പാർപ്പിക്കാൻ അധികം സമയം ലഭിച്ചില്ല. ഇത് പ്രതിഷേധത്തിന് ഇടയാക്കി.