കട്ടപ്പന: കട്ടപ്പന പൊലീസ് സ്റ്റേഷനിൽ മാത്രം 13 കേസുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം പാറശ്ശാല പൂവരക് വിള സജുവിനെ (36) അടുത്തിടെ മോഷണം നടന്ന നത്തുകല്ലിലെയും വെട്ടിക്കുഴക്കവലയിലെയും വീടുകളിലെത്തിച്ച് തെളിവെടുത്തു. ഈ രണ്ട് വീടുകളിലും മോഷണം നടത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതി മാദ്ധ്യമ പ്രവർത്തകരിലൊരാളെ അസഭ്യം പറഞ്ഞു. കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷം തൊണ്ടി മുതൽ വീണ്ടെടുക്കുന്നതിനുള്ള നടപടി ആരംഭിക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണം നടത്തിയിട്ടുള്ള പ്രതി ജനുവരി മുതൽ വെള്ളിലാംകണ്ടത്ത് വാടകയ്ക്ക് കഴിഞ്ഞാണ് മോഷണങ്ങൾ നടത്തിയിരുന്നത്. കൃത്യമായ ആസൂത്രണത്തോടെ പ്രധാന പാതകളിലെ ഒറ്റപ്പെട്ട വീടുകൾ കേന്ദ്രീകരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം. പത്തോളം മാരാകായുധങ്ങളും കണ്ടാൽ മനസിലാകാതെ ഇരിക്കാനായി മുഖം മൂടിയും ജാക്കറ്റും പ്രതി ഉപയോഗിച്ചിരുന്നു.