കരിമണ്ണൂർ: പഞ്ചായത്തിലെ മണ്ണാറത്തറ കെ.എസ്.ഇ.ബി ഓഫീസ് ജംഗ്ഷൻ മുതൽ കുറുമ്പാലമറ്റം മാണിക്കുന്നേൽ പീടികവരെ ആറ് കിലോമീറ്ററോളം ദൂരത്തിലുള്ള റോഡിന്റെ വശങ്ങളിൽ വിവിധ തരത്തിലുള്ള അലങ്കാരചെടികൾ വച്ച് മനോഹരമാക്കുന്നതിന് തീരുമാനിച്ചതായി പഞ്ചായത്ത് ഭരണ സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ യുവജനസംഘടനകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകൾ, സാംസ്‌കാരിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരി സമൂഹം, ഹരിതകർമ്മസേന, കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെയും സംയുക്ത പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്. ചെടികളുടെ തുടർ സംരക്ഷണത്തിന് റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന വ്യക്തികളുടെ സഹായവും തേടുന്നുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ഒമ്പതിന് രാവിലെ 8.30 ന് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ നിർവഹിക്കും. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ബൈജു വറവുങ്കൽ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്തിലെ സൗകര്യപ്രദമായ സ്ഥലത്ത് തുമ്പൂർമുഴി മോഡൽ മാലിന്യസംസ്‌കരണ പ്ലാന്റ് നിർമ്മിക്കും. ഹരിതകർമ്മസേന അംഗങ്ങളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കിന്റെയും ഇ- വേസ്റ്റ്, കുപ്പിച്ചില്ലുകൾ എന്നിവയുടെയും ശേഖരണം ചിട്ടയോടെ നടത്തിവരികയാണ്. 2022 ജനുവരി 1 മുതൽ പ്ലാസ്റ്റിക്ക് ക്യാരിബാഗുകളുടെ വിപണനവും ഉപയോഗവും പൂർണമായും അവസാനിപ്പിക്കും. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സൗന്ദര്യവത്കരണ കാമ്പയിൻ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പിലാക്കാൻ പഞ്ചായത്ത് ഭരണസമിതി നിശ്ചയിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ, വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സോണിയ ജോബിൻ, പഞ്ചായത്ത് അംഗം ബൈജു വറവുകൽ എന്നിവർ അറിയിച്ചു.