തൊടുപുഴ: സമൂഹ മാദ്ധ്യമത്തിൽ വന്ന പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ബസിൽ മക്കളുടെ മുന്നിൽ വച്ച് മർദിച്ച സംഭവത്തിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പംകല്ല് ഇടവെട്ടി കോതായിക്കുന്നേൽ അനസ് (48), കീരിയോട് കണ്ടത്തിൻകരയിൽ ഷാനവാസ് (38) എന്നിവരെയാണ് തൊടുപുഴ ഡിവൈ.എസ്.പി കെ. സദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൊടുപുഴക്ക് സമീപം മുള്ളരിങ്ങാട് സ്വദേശി താന്നിക്കൽ മനു സുദനെ (40) ബസ് യാത്രയ്ക്കിടെ ഒരു സംഘം മർദിച്ചത്. ആദിവാസി വിഭാഗത്തിൽപ്പെട്ട മനു ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. ഇതിൽ കണ്ടാലറിയാവുന്ന രണ്ട് പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവർക്കായുള്ള തിരച്ചിലിലാണെന്ന് പൊലീസ് പറഞ്ഞു. മതസ്പർദ്ധ വളർത്തിയതിന് മനുവിനെതിരെയും കാളിയാർ പൊലീസിൽ കേസുണ്ട്.